പുഴകളിലെ ജലനിരപ്പ്​ താഴുന്നതിൽ ആശങ്ക; ഇനി വരൾച്ചയോ?

06:33 AM
12/09/2018
പത്തനംതിട്ട: മഹാപ്രളയത്തിൽ അനിയന്ത്രിതമായി ഉയർന്ന ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴുന്നത് ആശങ്കക്ക് ഇടയാക്കുന്നു. മഴ മാറിയതോടെ കനത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പ്രളയത്തിനുശേഷം ഇനി മറ്റൊരു വരൾച്ചകൂടി അഭിമുഖീകരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. മാർച്ച്, ഏപ്രിലിലെ വേനൽക്കാലംപോലെ ജില്ലയിൽ പകൽ താപനില 35 ഡിഗ്രി വരെ അനുഭവപ്പെടുന്നുണ്ട്. പ്രധാന നദികളായ പമ്പ, അച്ചൻേകാവിൽ, മണിമല നദികളിലെ ജലനിലപ്പ് താഴുകയാണ്. സസ്യങ്ങൾപോലും ചൂടിൽ വാടിക്കരിയാൻ തുടങ്ങിയിട്ടുണ്ട്. നദികളുടെ പലഭാഗത്തും കരതെളിഞ്ഞ് മണൽപ്പരപ്പ് പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആറന്മുള, കോഴേഞ്ചരി, ചെറുകോൽ ഭാഗങ്ങളിൽ എല്ലാം പമ്പയിലെ ജലനിരപ്പ് താണിട്ടുണ്ട്. മഹാപ്രളയത്തിൽ കരകവിഞ്ഞ് വലിയ നാശം സൃഷ്ടിച്ച നദികളാണ് പമ്പയും അച്ചൻേകാവിലാറും. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞേപ്പാൾ സ്ഥിതിയാകെ മാറുകയായിരുന്നു. പുഴ ഗതിമാറി ഒഴുകിയ പമ്പാ ത്രിവേണിയിൽ പോലും ഇപ്പോൾ രണ്ടടി മാത്രമേ വെള്ളമുള്ളൂ. മിക്ക കിണറുകളിലും ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണ്. മലയോരമേഖലകളിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെടാൻ തുടങ്ങി. ഇതിനിടെ, ചില സ്ഥലങ്ങളിൽ കിണറുകൾ ഇടിഞ്ഞ് താഴുന്നതായും പറയുന്നു. വലഞ്ചുഴിയിൽ കഴിഞ്ഞ ദിവസം കിണർ ഇടിഞ്ഞുതാണിരുന്നു. വെള്ളംകയറിയ ഭാഗത്തെയും നദീതീരങ്ങളിലെയും കിണറുകളാണ് ഇടിയുന്നത്. പലയിടത്തും നദീതീരങ്ങളോട് ചേർന്ന് ഏക്കർകണക്കിന് സ്ഥലങ്ങളും ഇടിഞ്ഞുതാണ് വലിയ നാശനഷ്ടമുണ്ടാക്കുന്നുണ്ട്.
Loading...
COMMENTS