ശബരിമല തീർഥാടനം: പമ്പയിലെ സൗകര്യങ്ങള്‍ നിലക്കലില്‍ ഒരുക്കും

06:26 AM
12/09/2018
പത്തനംതിട്ട: പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകരാറിലായ സാഹചര്യത്തില്‍ നിലക്കല്‍ ബേസ് ക്യാമ്പായി പ്രവര്‍ത്തിപ്പിച്ചായിരിക്കും ശബരിമല തീര്‍ഥാടനം നടത്തുക. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നിലക്കലില്‍ ഒരുക്കും. കന്നിമാസ പൂജകള്‍ക്ക് ഏര്‍പ്പെടുത്തേണ്ട താൽക്കാലിക സംവിധാനങ്ങളും ശബരിമല സീസണില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും ചര്‍ച്ചചെയ്യാൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി മാത്യു ടി. തോമസി​െൻറ അധ്യക്ഷതയിൽ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. പമ്പ ഗതിമാറി ഒഴുകുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി നദിയിലിറങ്ങി കുളിക്കാൻ താൽക്കാലിക സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിന് ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എല്ലാ തീര്‍ഥാടക വാഹനങ്ങളും നിലക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം തീര്‍ഥാടകരെ കെ.എസ്.ആർ.ടി.സി ബസുകളില്‍ പമ്പ ബസ് സ്റ്റാന്‍ഡില്‍ എത്തിക്കും. ഹില്‍ടോപ്പില്‍ റോഡ് ഇടിഞ്ഞുതാഴ്ന്ന സാഹചര്യത്തില്‍ ത്രിവേണിയിലെത്തി കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് തിരിയാൻ ബുദ്ധിമുട്ടായതിനാല്‍ പമ്പ കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡ് വരെ മാത്രമേ വാഹനങ്ങള്‍ അനുവദിക്കൂ. പമ്പയില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവുന്ന അവസ്ഥയില്ലാത്തതിനാല്‍ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നിലക്കലില്‍ ഏര്‍പ്പെടുത്തും. ഹില്‍ടോപ്പ് അപകടകരമായ അവസ്ഥയിലായതിനാല്‍ കന്നിമാസ പൂജക്ക് തീര്‍ഥാടകരെ അവിടേക്ക് കടത്തിവിടില്ല. കന്നിമാസ പൂജക്കായി ശബരിമല നട 16ന് തുറക്കുന്ന സാഹചര്യത്തില്‍ പമ്പയില്‍ താൽക്കാലികമായി വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ആരംഭിക്കാന്‍ കഴിയും. ഇതോടെ പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള കിയോസ്‌ക്കുകളില്‍ കുടിവെള്ളം ലഭ്യമാകും. ശബരിമല സീസണിലേതുപോലെ നിലക്കലില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ കൂടുതല്‍ ആര്‍.ഒ പ്ലാൻറുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പി​െൻറ പമ്പയിലെ ആശുപത്രിയുടെ താഴത്തെ നില മുക്കാല്‍ ഭാഗവും മണ്ണ് മൂടിയ സാഹചര്യത്തില്‍ ഒ.പി സംവിധാനങ്ങള്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആശുപത്രിയിലെ ട്രാന്‍സ്‌ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെ ഒന്നാം നിലയിലുണ്ടായിരുന്ന എല്ലാം മണ്ണിനടിയിലായതിനാല്‍ അത്യാവശ്യ സംവിധാനങ്ങളൊരുക്കിയായിരിക്കും ആശുപത്രി പ്രവര്‍ത്തിപ്പിക്കുക. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാൻ താൽക്കാലിക ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയോ അല്ലാത്തപക്ഷം ഇവര്‍ക്ക് താമസിക്കാൻ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Loading...
COMMENTS