Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാതയോരം കൈയടക്കി...

പാതയോരം കൈയടക്കി വഴിയോരക്കച്ചവടം; അപകടം പതിവായി

text_fields
bookmark_border
തിരുവല്ല: പാതയോരം കൈയടക്കി നടത്തുന്ന വഴിയോരക്കച്ചവടം മൂലം മാവേലിക്കര-തിരുവല്ല സംസ്ഥാനപാതയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു. കുരിശുകവല മുതൽ പൊടിയാടിവരെയുള്ള ഭാഗത്താണ് ഇത്തരക്കാർ ഏറെയുള്ളത്. മണിപ്പുഴ ഭാഗത്തെ കൊടുംവളവിൽ മാത്രം പാതയോരം കൈയേറി നടത്തുന്ന കച്ചവടം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടെ ആറോളം അപകടമാണ് ഉണ്ടായത്. ദേവസ്വം ബോർഡ് ഹൈസ്കൂളിനു സമീപം മുതൽ പത്തോളം പച്ചക്കറിക്കച്ചവടക്കാരാണ് പാതയോരം കൈയേറി ഷെഡ് നിർമിച്ചിരിക്കുന്നത്. ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ റോഡിലേക്കിറക്കി പാർക്ക് ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടത്തിയ മൂന്ന് ശ്രമവും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഭരണകക്ഷിയിലടക്കമുള്ള ചില രാഷ്ട്രീയ നേതാക്കളുടെ സമ്മർദമാണ് ഒഴിപ്പിക്കലിനു തടസ്സമായത്. നഗരത്തിൽ അരമനപ്പടി മുതൽ കാവുംഭാഗം അമ്പിളി ജങ്ഷൻവരെയുള്ള ഭാഗത്തും റോഡിനിരുവശവും വഴിയോരക്കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്. റോഡിനിരുവശവും നിർത്തിയിട്ട വാഹനങ്ങളിൽ നടത്തുന്ന കച്ചവടം പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പാതയോരം കൈയേറി നിർമിക്കുന്ന ഷെഡുകൾ വൻതുകക്ക് മറിച്ചുവിൽക്കുന്നതും പതിവായിട്ടുണ്ട്. നഗര കച്ചവട നിയമപ്രകാരം സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് ഇത്തരം കച്ചവടക്കാരെ പുനരധിവസിപ്പിക്കേണ്ട ചുമതല നഗരസഭക്കാണ്. എന്നാൽ, ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ ഇതുവരെയും തയാറായിട്ടില്ല. നഗരസഭ പരിധിയിലെ 206 കച്ചവടക്കാരിൽ 194 പേർക്കും ലൈസൻസ് നൽകിയതായി സെക്രട്ടറി പറഞ്ഞു. എന്നാൽ, നഗരസഭ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്ക് കച്ചവടക്കാരെ മാറ്റുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിൽ നഗരസഭ അധികൃതർ കടുത്ത അനാസ്ഥ കാട്ടുകയാണെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story