പരിക്കേറ്റ കുട്ടിയാന റോഡിൽ പരിഭ്രാന്തി പരത്തി

05:50 AM
12/07/2018
ചിറ്റാർ: വനത്തിൽ തോട്ടിലൂടെ ഒഴുകി പരിക്കേറ്റ് ഓടിനടന്ന കുട്ടിയാന മൂഴിയാറിൽ ജനങ്ങളെ വിരട്ടി. ഒരുവയസ്സിൽ താഴെ തോന്നിക്കുന്ന കുട്ടിയാനയാണ് ബുധനാഴ്ച രാവിലെ മുതൽ മൂഴിയാർ മേഖലയിൽ പരിഭ്രാന്തി പരത്തിയത്. ചൊവ്വാഴ്ച രാത്രി സായിപ്പുംകുഴി തോട്ടിൽകൂടി ഒഴുകിവന്ന കുട്ടിയാന പുലർച്ച മൂഴിയാർ ഡാമിൽനിന്ന് കരക്കുകയറി ശബരിഗിരി ജലവൈദ്യുതി പദ്ധതിക്ക് സമീപത്തെ സായിപ്പുംകുഴി കോളനിയിൽ കയറി. അവിടെനിന്ന് രാവിലെ ആേറാടെ മൂഴിയാർ ലുക്കൗട്ട് റോഡിൽ കയറി തമ്പടിച്ചു നിന്ന ആനക്കുട്ടി ആ വഴി വന്ന വാഹനങ്ങളെ തട്ടുകയും ഇരുചക്ര വാഹനങ്ങൾ തള്ളി താഴെയിടുകയും ചെയ്തു. കെ.എസ്.ഇ.ബി ജീവനക്കാരുടെ വാഹനത്തിലും തട്ടി. മൂഴിയാർ ഐ.ബി, നാൽപതേക്കർ ഭാഗത്ത് എത്തിയ ശേഷം റോഡിൽനിന്ന പരമേശ്വരൻ എന്ന ആദിവാസി യുവാവിനെ ഓടിച്ചു. പരമേശ്വരൻ കുടിലിനുള്ളിൽകൂടി പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്തെത്തി കുട്ടിയാനയെ ഉൾവനത്തിലേക്ക് ഓടിച്ചുവിട്ടു.
COMMENTS