കായിക അധ്യാപകർ നിസ്സഹകരണ സമരത്തിലേക്ക്; മേളകൾ അനിശ്ചിതത്വത്തിൽ

05:47 AM
12/07/2018
അടൂർ: സ്കൂൾ കായിക അധ്യാപകരുടെ നിസ്സഹകരണ സമരം കായികമേളകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കാൻ സാധ്യത. കഴിഞ്ഞ അധ്യയന വർഷവും അധ്യാപകർ നിസ്സഹകരണ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മേളകളെ അത് ബാധിച്ചിരുന്നില്ല. ഇത്തവണ മേളകൾ അടക്കം ബഹിഷ്കരിക്കാനാണ് കായിക അധ്യാപകരുടെ തീരുമാനം. ആരോഗ്യ കായിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ആറുമാസംകൊണ്ട് പരിഹരിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിനാലാണ് സംസ്ഥാനത്തെ മുഴുവൻ കായിക അധ്യാപകരും നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുതിയ സ്റ്റാഫ് ഫിക്സേഷൻ പുറത്തിറങ്ങുമ്പോൾ സംസ്ഥാനത്തുടനീളമുള്ള കായിക അധ്യാപകർക്ക് തസ്തിക അന്യമാകുമെന്നു കണ്ടാണ് അധ്യാപകർ സമരത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ നിസ്സഹകരണ സമരത്തിലായിരുന്ന കായിക അധ്യാപകരുടെ ആവശ്യങ്ങൾ കായികമേളകൾക്കുശേഷം ചർച്ച ചെയ്തു പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതിനാലാണ് മേളകൾ നടത്തുന്നതിന് അവർ തയാറായത്. സർക്കാർ വാഗ്ദാനം ലംഘിക്കുകയായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. ജോലി സംരക്ഷണവും തസ്തികയും തുല്യജോലിക്ക് തുല്യവേതനവും എന്ന ആവശ്യമാണ് കായിക അധ്യാപകർ ഉയർത്തുന്ന ആവശ്യം. കായിക മത്സരങ്ങളിൽ ഇനങ്ങളുടെ എണ്ണം കൂടുകയും അത് നടത്തേണ്ട കായിക അധ്യാപകരുടെ എണ്ണം കുറയുകയും ചെയ്തതായി അവർ ചൂണ്ടിക്കാട്ടുന്നു. 1225 ഗവ. എച്ച്.എസുകളിലായി ആകെയുള്ളത് 615 അധ്യാപകർ മാത്രമാണ്. ആരോഗ്യ കായിക വികസനം നിർബന്ധ പാഠ്യവിഷയമാക്കുക, സ്പെഷലിസ്റ്റ് തസ്തിക നിർണയത്തിനുള്ള 1:50 എന്ന അനുപാതം കാലോചിതമായി പരിഷ്കരിക്കുക, എച്ച്.എസ് തസ്തികക്ക് വേണ്ട അഞ്ച് പീരിയഡിന് എട്ടുമുതൽ 10വരെ ക്ലാസുകളിലെ പുതിയ ടൈംടേബിൾ പ്രകാരമുള്ള പീരിയഡുകൾ പരിഗണിക്കുക, എച്ച്.എസ്.എസ് തസ്തിക അനുവദിച്ച് നിയമനം നടത്തുക, സ്പെഷലിസ്റ്റ് കാറ്റഗറി ഒഴിവാക്കി ജനറൽ (യു.പി.എസ്.എ, എച്ച്.എസ്.എസ്.എ) തസ്തികയിൽ ഉൾപ്പെടുത്തുക, ൈപ്രമറി ശമ്പളം മാത്രം നൽകുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. അൻവർ എം. സാദത്ത്
Loading...
COMMENTS