ദുരിതാശ്വാസ സാമഗ്രികൾ: ഇടത്താവളമായി പാലക്കാട്; കയറ്റിയയച്ചത് 700 ടൺ

05:56 AM
01/09/2018
പാലക്കാട്: ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഇടത്താവളമായി പാലക്കാട്. ജില്ലയിലെ ആവശ്യം കഴിഞ്ഞതിന് ശേഷം 700 ടൺ സാധനങ്ങളാണ് ഇതര ജില്ലകളിലേക്ക് കയറ്റി അയച്ചത്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ തുടങ്ങിയ ജില്ലകളിലേക്കായിരുന്നു കൂടുതൽ അയച്ചത്. അതത് ജില്ലകളിലെ തഹസിൽദാർമാരുടെ ആവശ്യമനുസരിച്ചായിരുന്നു സാധനങ്ങൾ കയറ്റി അയച്ചത്. വ്യാഴാഴ്ച എറണാകുളം ജില്ലയിലേക്ക് അവശ്യ സാധനങ്ങളടങ്ങിയ 3,200 കിറ്റുകളും അയച്ചു. ഇനി ബാക്കിവരുന്ന സാധനങ്ങൾ ജില്ലയിലെ ദുരിതബാധിതർക്ക് വിതരണം ചെയ്യും. വ്യാഴാഴ്ച മാത്രം 14 ടൺ സാധനങ്ങൾ എത്തി. സംസ്ഥാനം പ്രളയക്കെടുതിയിൽ അകപ്പെട്ട അന്നുമുതൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഒഴുകിയ അവശ്യസാധനങ്ങൾ പാലക്കാടാണ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ പാലക്കാട് കലക്ടറേറ്റിൽ സൗകര്യമൊരുക്കിയെങ്കിലും സാധനങ്ങളുടെ ഒഴുക്ക് കാരണം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റി. സാധനങ്ങൾ തരംതിരിക്കാനും പാക്ക് ചെയ്യാനും കയറ്റിയയക്കാനുമായി ജില്ല ഭരണകൂടത്തി​െൻറ മേൽനോട്ടത്തിൽ തമിഴ്നാട്ടിൽനിന്നടക്കം ആയിരക്കണക്കിന് ആളുകളാണെത്തിയത്. പിന്നീട്, ഗതാഗത സൗകര്യാർഥം കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്ക് സംഭരണകേന്ദ്രം മാറ്റി. പാലക്കാട് ജില്ലയിൽ സംഭരണത്തിനും വിതരണത്തിനും ഇതുവരെ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പറയുന്നു. ജില്ല ഭരണകൂടത്തെ അറിയിച്ച് എത്തിക്കുന്ന എല്ലാ സാധനങ്ങളും അപ്പപ്പോൾതന്നെ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സാധനങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയില്ല. വരുന്ന സാധനങ്ങളുടെയും അയക്കുന്ന സാധനങ്ങളുടെയും രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ചുമതല ജില്ല ഐ.ടി മിഷനാണ് നിർവഹിക്കുന്നത്. ഇപ്പോഴും സാധനങ്ങൾ അമിതമായി എത്തുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വസ്ത്രങ്ങൾ, പാത്രങ്ങൾ, നാപ്കിൻ, സോപ്പ്, ഭക്ഷ്യധാന്യങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങളുമൊക്കെയാണ് ഇപ്പോൾ എത്തുന്നത്. ഇതിൽ ബ്രഡ് സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ പ്രതിസന്ധിയുണ്ടാക്കുന്നു. ലോറികൾ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Loading...
COMMENTS