സൈബർ പോരാളികൾ ജാഗ്ര​ൈത; വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്താൻ സർക്കാർ

02:41 AM
24/06/2020
പാലക്കാട്: വ്യാജവാർത്തകൾക്കും സന്ദേശങ്ങൾക്കുമെതിരെ സർക്കാർ നടപടി കർശനമാക്കുന്നു. സർക്കാർ സംബന്ധമായ വാർത്തകൾ, വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താൻ സർക്കാർ ഫാക്ട് ചെക്ക് ഡിവിഷൻ രൂപവത്കരിക്കും. വ്യാജവാർത്ത, സന്ദേശങ്ങൾ എന്നിവയുടെ നിജസ്ഥിതി സ്ഥിരീകരിക്കുകയും ഗുരുതരമായവ നിയമനടപടിക്ക് കേരള പൊലീസ് സൈബർഡോമിന് കൈമാറുകയും ചെയ്യും. ഐ.പി.ആർ.ഡി ഫാക്ട് ചെക്ക് എന്നാണ് സമിതിയുടെ പേര്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ് പ്രവർത്തനം. പ്രവർത്തനം കാര്യക്ഷമമാക്കാനും വിവിധ വകുപ്പുകളുടെ സേവനം ഏകോപിപ്പിക്കാനുമായി വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗേവർണിങ് കൗൺസിലും രൂപവത്കരിച്ചിട്ടുണ്ട്. പി.ആർ.ഡി സെക്രട്ടറിയാണ് ചെയർമാൻ. ഡയറക്ടർ കൺവീനറുമായിരിക്കും. ഇവർക്കുപുറമെ പൊലീസ്, ഐ.ടി, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, രണ്ട് മാധ്യമങ്ങളിൽനിന്നുള്ള എഡിറ്റർമാർ, സൈബർ സെക്യൂരിറ്റി വിദഗ്ധൻ, ഫാക്ട് ചെക്കിങ് വിദഗ്ധൻ, സൈബർഡോം, ഫോറൻസിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, സി ഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങിയതാണ് സമിതി. കോവിഡ് 19മായി ബന്ധപ്പെട്ട് നിരവധി വ്യാജസന്ദേശങ്ങൾ വന്നതോടെയാണ് ഈ മേഖലയിൽ സർക്കാർ നടപടി ത്വരിതപ്പെടുത്തിയത്.
Loading...