മഴക്കെടുതി; ജില്ലയിൽ കേടുപാട് പറ്റിയത് 79 പാലങ്ങൾക്ക്

05:38 AM
01/09/2018
പാലക്കാട്: മഴക്കെടുതിയിൽ ജില്ലയിൽ 79 പാലങ്ങൾക്ക് കേടുപാട് പറ്റി. ഭാരതപ്പുഴക്ക് കുറുകെ പട്ടാമ്പിയേയും ഞാങ്ങാട്ടിരിയേയും ബന്ധിപ്പിക്കുന്ന പട്ടാമ്പി പാലത്തിനാണ് ഏറെ കേടുപാടുകൾ സംഭവിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷം ഭാരതപ്പുഴ കരകവിഞ്ഞപ്പോൾ പട്ടാമ്പി പാലത്തി‍​െൻറ കൈവരികൾ ഒലിച്ചുപോയി. പാലങ്ങൾ അറ്റകുറ്റപ്പണി കഴിഞ്ഞ് പൂർവ സ്ഥിതിയിലാക്കാൻ 2.6 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. പ്രത്യേക സാഹചര്യം പരിഗണിച്ച് പട്ടാമ്പി പാലത്തി‍​െൻറ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ നിർമാണം ആരംഭിച്ചിട്ടില്ല. പട്ടാമ്പി പാലത്തി‍​െൻറ കൈവരികൾ വെച്ച് പിടിപ്പിക്കലാണ് പ്രധാനമായും നടക്കുന്നത്. അത് പൂർത്തിയാവുന്നതോടെ സെപ്റ്റംബർ ആദ്യവാരത്തിൽ പാലം വാഹനങ്ങൾക്ക് തുറന്ന് കൊടുക്കാമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. പാലക്കാടുനിന്ന് ഗുരുവായൂർ ഭാഗത്തേക്കുള്ള യാത്ര പട്ടാമ്പി പാലം അടച്ചതോടെ അവതാളത്തിലായിരിക്കുകയാണ്. പലരും കുളപ്പുള്ളിയെത്തി ഷൊർണൂർ-ആറങ്ങോട്ടുകര വഴിയാണ് ഗുരുവായൂരിലേക്ക് എത്തുന്നത്. മണിക്കൂറുകളുടെ സമയനഷ്ടത്തിന് ഈ വഴി കാരണമാകുന്നുണ്ട്. ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പട്ടാമ്പി പാലത്തി‍​െൻറ പ്രവൃത്തി ദ്രുതഗതിയിൽ ആരംഭിച്ചത്. പട്ടാമ്പി പാലം കഴിഞ്ഞാൽ മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത് കരിമ്പുഴ-ഒറ്റപ്പാലം പാലത്തേയും കോങ്ങാട്-മലമ്പുഴ പാലത്തേയുമാണ്. ഇവിടങ്ങളിൽ പത്ത് ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിക്കുന്നത്. മഴക്കെടുതിയിൽ തകർച്ചയുണ്ടായ പാലങ്ങളുടെ ബലക്ഷയം സംബന്ധിച്ച പരിശോധനകളും പൊതുമരാമത്ത് വകുപ്പ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. സമീപ ദിവസങ്ങളിൽ തന്നെ പരിശോധനകൾ ആരംഭിക്കുമെന്നും വകുപ്പ് അധികൃതർ പറയുന്നു.
Loading...
COMMENTS