കോച്ച്​ ഫാക്ടറി: ഡി.വൈ.എഫ്‌.ഐ മനുഷ്യച്ചങ്ങല ഒന്നിന്

05:48 AM
31/07/2018
പാലക്കാട്: സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കഞ്ചിക്കോട് കോച്ച് ഫാക്ടറി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് മനുഷ്യച്ചങ്ങല തീർക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് കഞ്ചിക്കോട് മുതല്‍ ഒലവക്കോട് റെയിൽവേ സ്‌റ്റേഷന്‍ വരെയുള്ള 15.5 കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീർക്കുക. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് കഞ്ചിക്കോട് മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയാവും. സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഒലവക്കോട് അവസാന കണ്ണിയാകും. സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും കണ്ണികളാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന 25,000 പ്രവർത്തകർ ചങ്ങലയുടെ ഭാഗമാവും. മനുഷ്യച്ചങ്ങലക്ക് ശേഷം മൂന്നിടത്ത് രാഷ്ട്രീയ വിശദീകരണയോഗം നടത്തും. പുതുശ്ശേരിയിൽ നടക്കുന്ന വിശദീകരണ യോഗം പി.എ. മുഹമ്മദ് റിയാസും സ്റ്റഡിയം ബസ്സ്റ്റാൻഡിന് സമീപത്ത് നടക്കുന്നത് എൻ.എൻ. കൃഷ്ണദാസും ഒലവക്കോട് നടക്കുന്നത് എം. സ്വരാജും ഉദ്ഘാടനം ചെയ്യും. മനുഷ്യച്ചങ്ങലക്ക് മുന്നോടിയായി നടത്തിയ രണ്ട് ജില്ല ജാഥകൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. ജില്ല സെക്രട്ടറി കെ. പ്രേംകുമാർ, ജില്ല പ്രസിഡൻറ് ടി.എം. ശശി, ജില്ല ട്രഷറർ ടി.വി. ഗിരീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ. സുലോചന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS