വിശപ്പടക്കാനൊരു വഴിയും കിടക്കാനൊരു ഇടവും തേടി വൃദ്ധ ദമ്പതികൾ ആശുപത്രിക്കിടക്കയിൽ

06:02 AM
28/07/2018
ചിത്രം pg1 pg2 മാന്യ സനാഥരെ, ഞങ്ങൾ അനാഥരാണ്... പാലക്കാട്: ജീവിതകാലം മുഴുവൻ വിഘ്നേശ്വര പൂജക്കും നിവേദ്യം വെപ്പിനും ഉഴിഞ്ഞുവെച്ച വയോവൃദ്ധൻ കാലൊടിഞ്ഞ് അവശയായ ഭാര്യയെ പരിചരിച്ച് ജില്ല ആശുപത്രി മുറിയിൽ. ഉറ്റവരും ഉടയവരുമില്ലാതെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന കൊല്ലങ്കോട് നാരായണ സ്വാമിയുടെ മനസ്സിലുള്ളത് വിശപ്പടക്കാനൊരു വഴിയും കിടക്കാനൊരു ഇടവുമാണ്. പുതുക്കോട് ഗണപതി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു കൊല്ലങ്കോട് സ്വദേശി നാരായണസ്വാമി. ക്ഷേത്ര ചിട്ടകൾക്കനുസൃതമായ നിത്യപൂജക്ക് കഴിയാതെ വന്നെന്ന് അധികൃതർക്ക് തോന്നിയതുകൊണ്ടാവാം ശാന്തിപ്പണിയിൽനിന്ന് പിരിച്ചുവിടപ്പെട്ടതുമുതൽ തുടങ്ങിയതാണ് കഷ്ടപ്പാട്. ചില ബന്ധുവീടുകളിലായി പിന്നെ ആശ്രയം. വൃദ്ധയായ ഭാര്യ മീനാക്ഷിയമ്മാൾ പണ്ടേ രോഗിയാണ്. ഒരു ബന്ധുവീട്ടിൽ താമസത്തിനിടെ വഴുതിവീണ അവരുടെ കാലിലെ എല്ല് പൊട്ടിയത് നാരായണസ്വാമിയുടെ ദുരിതപർവത്തിന് ആഴം കൂട്ടി. നീരുവെച്ച കാലുമായി ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് അവർ കൽപ്പിച്ചത്. ഒടുവിൽ ജില്ല ആശുപത്രിയിലെത്തി. ശസ്ത്രക്രിയയായിരുന്നു ഡോക്ടർ വിധിച്ചത്. അതിന് പക്ഷേ, മീനാക്ഷിയമ്മാളുടെ പ്രായവും അവശതയും തടസ്സമായി. പ്രായം തളർത്തിയ ഇരുവർക്കും ഒരു സഹായി ഉണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കൂ എന്നും ഡോക്ടർമാർ അറിയിച്ചു. ഇവർക്ക് മക്കളില്ല. ബന്ധുക്കളെന്ന് പറയാവുന്നവർ ഉത്തരവാദിത്തം ഏൽക്കാനും തയാറായില്ല. ആശുപത്രി വാർഡിലെ കിടക്കയിൽ മൂന്ന് പേർ അന്തേവാസികളായതോടെ വേദനകൊണ്ട് പുളയുന്ന വൃദ്ധക്ക് സ്വസ്ഥതയും നഷ്ടപ്പെട്ടു. രണ്ട് പേർക്കിടയിലായി ഒടിഞ്ഞ കാലുംകൊണ്ടുള്ള ഭാര്യയുടെ നരകയാതന കണ്ട് സഹികെട്ടാണ് ഒറ്റക്ക് കിടക്കാനുള്ള സൗകര്യം കിട്ടുമോ എന്ന് നാരായണസ്വാമി അന്വേഷിച്ചത്. ആശുപത്രി അധികൃതർ കാണിച്ചിടത്ത് പോയി അപേക്ഷ സമർപ്പിച്ചപ്പോൾ മാത്രമാണ് പണം കൊടുത്താലേ അവിടെ പ്രവേശനം കിട്ടുള്ളൂ എന്നറിഞ്ഞത്. അവിചാരിതമായി കണ്ട ഒരാൾ 1350 രൂപ അടച്ചതോടെ കിടത്തം പേവാർഡിലായി. മുറിയിലേക്കുള്ള കിടക്കവിരി ഉൾെപ്പടെയുള്ളവ സുമനസ്സുകളാണ് വാങ്ങി നൽകിയത്. ഉച്ചക്ക് ആശുപത്രി പരിസരത്ത് നിന്ന് കിട്ടുന്ന സൗജന്യ കഞ്ഞിയാണ് ഇവരുടെ പ്രധാന ആശ്രയം. ആളു കൂടിയാൽ ചില ദിവസം അതും കിട്ടാറില്ല. രാവിലെയും വൈകീട്ടും അടുത്ത മുറിയിലുള്ളവരുടെ ബന്ധുക്കൾ നൽകുന്ന ഭക്ഷണമാണ് മറ്റൊരാശ്രയം. ജില്ല ആശുപത്രിയിലെ പേ വാർഡ് ബി അഞ്ചിൽ പരസഹായമില്ലാതെ അനങ്ങാൻ പോലും സാധിക്കാതെ കിടക്കുന്ന 75 വയസ്സുള്ള മീനാക്ഷിയമ്മാൾക്കും കുനിഞ്ഞുകൂടി ഭാര്യയെ ആവുംവിധം പരിചരിക്കുന്ന 81കാരനായ നാരായണസ്വാമിക്കും അക്ഷരാർഥത്തിൽ ചോദ്യചിഹ്നമാവുകയാണ് ശിഷ്ട ജീവിതം. ഏതെങ്കിലും അനാഥാലയവളപ്പിൽ ഇടം കിട്ടുമോ എന്ന വിലാപവും ഇടക്കിടെ സ്വാമിയിൽനിന്ന് ഉണ്ടാകുന്നുണ്ട്. -എ. ശരത്
Loading...
COMMENTS