റോഡുകളും പാലങ്ങളും പൂർവസ്ഥിതിയിലാക്കാൻ ജില്ലയിൽ വേണ്ടത് 122.6 കോടി

05:53 AM
31/08/2018
പാലക്കാട്: കനത്തമഴയിൽ ജില്ലയിൽ തകർന്ന റോഡുകളും പാലങ്ങളും പൂർവ സ്ഥിതിയിലാക്കാൻ വേണ്ടത് 122.6 കോടി രൂപ. ദേശീയപാതകൾ ഒഴികെയുള്ള റോഡുകളുടെ കണക്കാണിത്. റോഡുകൾ അറ്റകുറ്റപ്പണി തീർക്കാൻ 111.6 കോടിയും പാലങ്ങൾക്ക് 11 കോടിരൂപയുമാണ് വേണ്ടത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ടാറിങ് ഉൾെപ്പടെയുള്ള റോഡ് പുനർനിർമാണത്തിനാണ് ഏറ്റവും കൂടുതൽ തുക വേണ്ടത്. 62.5 കോടിരൂപയാണ് ഇതിനായി വേണ്ടത്. 550 കിലോമീറ്ററാണ് റോഡ് തകർന്നത്. നിർമാണം പൂർത്തിയാക്കാൻ ഒരുവർഷത്തോളം വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. റോഡുകളിലെ കുഴിയടച്ച് പൂർവസ്ഥിതിയിലാക്കാൻ വേണ്ടത് 20 കോടി രൂപയാണ്. 750 കിലോമീറ്ററാണ് ഇത്തരത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ടത്. നാലുമാസം വരെ വേണ്ടിവരും അറ്റകുറ്റപ്പണികൾ പൂർത്തിയാവാൻ. 25 കിലോമീറ്ററോളം അരികുഭിത്തി നിർമിക്കുന്നതിന് 17 കോടിരൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ആറുമാസം വേണ്ടിവരും നിർമാണം പൂർത്തിയാവാൻ. 35 കലുങ്കുകളുടെ അറ്റകുറ്റപ്പണിക്കായി നാലുകോടി രൂപവേണം. നാലുമാസം കൊണ്ട് മാത്രമേ നിർമാണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. 30 കിലോമീറ്ററോളം ഒാവുചാൽ പുനർനിർമാണത്തിന് 6.5 കോടിവേണം. ആറുമാസമാണ് വേണ്ടത്. മണ്ണിടിഞ്ഞത് നീക്കുന്നതിന് മാത്രമായി ജില്ലയിൽ ഒന്നരക്കോടിയോളം രൂപയാണ് വേണ്ടിവരുക. ഒരുമാസത്തെ പ്രവർത്തനം കൊണ്ടുമാത്രമാണ് മണ്ണ് പൂർണമായി നീക്കാൻ സാധിക്കുകയുള്ളൂ. അവശിഷ്ടം നീക്കാൻ 10 ലക്ഷത്തോളം രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്. പാലങ്ങൾ താൽക്കാലികമായി നന്നാക്കാൻ രണ്ടുകോടി രൂപയാണ് വേണ്ടിവരുക. രണ്ടുമാസം കൊണ്ട് മാത്രമേ പാലങ്ങൾ പൂർണമായി പൂർവസ്ഥിതിയിലാക്കാൻ സാധിക്കുകയുള്ളൂ. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പാതകൾ ഇൗ പരിധിയിൽ വരില്ല. കോങ്ങാട് സീഡ് ഫാം മുതൽ മംഗലാംകുന്ന് വരെയുള്ള ഭാഗം, കുഴൽമന്ദം-കൊടുവായൂർ റോഡ്, കുഴൽമന്ദം-മന്ദത്ത്കാവ് ഭാഗങ്ങളാണ് സി.ആർ.എഫിൽ വരുന്നത്.
Loading...
COMMENTS