ജോലിയില്‍ തിരിച്ചെടുക്കുംവരെ സമരം -മിഷ

05:44 AM
11/08/2018
പാലക്കാട്: ജോലിയില്‍ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്ന് കൊഴിഞ്ഞാമ്പാറ അഹല്യ ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ സമരം ചെയ്തിരുന്ന മിഷ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാപനത്തി​െൻറ കവാടത്തിന് മുന്നില്‍ സമരം ചെയ്ത മിഷയെ കഴിഞ്ഞ 31ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി നിര്‍ദേശങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അഹല്യയയിലെ വനിത ജീവനക്കാരെ ഉപയോഗിച്ച് വലിച്ചിഴച്ചാണ് ജീപ്പില്‍ കയറ്റിയതെന്നും മിഷ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. മനുഷ്യാവകാശ-ജനകീയ പ്രസ്ഥാനങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എൻ.സി.എച്ച്.ആർ.ഒ പ്രതിനിധി വിളയോടി ശിവന്‍കുട്ടിയും ആർ.എം.പി പ്രതിനിധി രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാടും അറിയിച്ചു. അഹല്യയില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന തന്നെ ഒരു കാരണവുമില്ലാതെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ആദ്യം സസ്‌പെൻഡ് ചെയ്തു. സഹപ്രവര്‍ത്തകനെതിരെ അപവാദം പറഞ്ഞെന്ന കള്ളക്കഥയുണ്ടാക്കിയായിരുന്നു സസ്പെൻഷൻ. പിന്നീട് ജോലിയിൽ തിരിച്ച് പ്രവേശിക്കാൻ സമയം നല്‍കുമെന്ന് മാനേജ്‌മ​െൻറ് അറിയിച്ചെങ്കിലും ലംഘിച്ചു. ഇതേ തുടര്‍ന്നാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും മിഷ പറഞ്ഞു. തുടക്കത്തില്‍ വിവിധ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങള്‍ പിന്തുണയുമായി വന്നെങ്കിലും പതുക്കെ പിന്‍വലിയുകയായിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ രാജന്‍ പുലിക്കോട്, കെ. കാര്‍ത്തികേയന്‍ എന്നിവരും പങ്കെടുത്തു.
Loading...
COMMENTS