സി.ഐ.ടി.യു മധ്യമേഖല ജാഥ ഒമ്പതിന് പട്ടാമ്പിയില്‍ തുടങ്ങും

05:33 AM
04/08/2018
പാലക്കാട്: കേന്ദ്ര സര്‍ക്കാറി‍​െൻറ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന മസ്ദൂര്‍-കിസാന്‍ സംഘര്‍ഷ് റാലിയുടെ പ്രചാരണാര്‍ഥം സി.ഐ.ടി.യു നടത്തുന്ന മധ്യമേഖല ജാഥ ആഗസ്റ്റ് ഒമ്പതിന് പട്ടാമ്പിയില്‍ തുടങ്ങും. ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍ നയിക്കുന്ന ജാഥ വൈകീട്ട് അഞ്ചിന് കര്‍ഷകത്തൊഴിലാളി യൂനിയന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. 10ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പ്രക്ഷോഭത്തി‍​െൻറ ഭാഗമായി ക്വിറ്റ് ഇന്ത്യാദിനമായ ഒമ്പതിന് കിസാന്‍സഭയും സി.ഐ.ടി.യുവും ചേര്‍ന്ന് പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫിസ് പരിസരത്ത് സമരം നടത്തും. 14ന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തൊഴിലാളി കൂട്ടായ്മ (സാമൂഹിക് ജാഗരണ്‍) സംഘടിപ്പിക്കും. വൈകീട്ട് ആറുമുതല്‍ 12 വരെയുള്ള രാത്രി ധര്‍ണ ജില്ലയില്‍ 15 ഡിവിഷന്‍ കേന്ദ്രങ്ങളിലുണ്ടാവും. 30ന് പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ കാല്‍നടജാഥകള്‍ നടക്കും. കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍ എന്നിവയുമായി യോജിച്ചാണ് ജാഥ. സ്വീകരണങ്ങളില്‍ ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്ന വളൻറിയര്‍മാര്‍ക്ക് യാത്രയയപ്പും നല്‍കും. ഡല്‍ഹി പാര്‍ലമ​െൻറ് സ്ട്രീറ്റില്‍ നടക്കുന്ന സമരത്തില്‍ ജില്ലയില്‍നിന്ന് 1500 സി.ഐ.ടി.യു പ്രവര്‍ത്തകരാണ് പങ്കെടുക്കുക. പി. ഉണ്ണി എം.എല്‍.എ, സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ, ടി.കെ. അച്യുതന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Loading...
COMMENTS