പ്ലസ് ടു ഫലം വന്നപ്പോൾ ജില്ലക്ക് സ്ഥാനക്കയറ്റം

05:38 AM
11/05/2018
പാലക്കാട്: ഹയർ സെക്കൻഡറി ഫലം പുറത്തുവന്നപ്പോൾ ജില്ലയുടെ നില രണ്ട് സ്ഥാനം മെച്ചപ്പെട്ടു. കഴിഞ്ഞ തവണത്തെ 13ൽ നിന്ന് 11ലേക്കാണ് വിജയശതമാനം ഉയർന്നത്. 2013 മുതൽക്കുള്ള ഏറ്റവും ഉയർന്ന വിജയശതമാനമാണ് ഇത്തവണത്തേത്. 150 സ്കൂളുകളിലായി 29,101 പേർ പരീക്ഷ എഴുതിയതിൽ 23,192 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 79.69 ശതമാനം വിജയം. സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഇത്തവണ ജില്ലയിലുണ്ടായത്. 892 പേരാണ് ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും സമ്പൂർണ എ പ്ലസ് നേടിയത്. കഴിഞ്ഞ തവണയത് 599 ആയിരുന്നു. ഓപൺ സ്കൂളിലെ വിജയശതമാനത്തിൽ ആറ് ശതമാനത്തിലേറെ വർധനയുണ്ടായെങ്കിലും 30 ശതമാനം പോലും തികക്കാൻ കഴിഞ്ഞില്ല. ഓപൺ സ്കൂൾ സ്കീമിൽ 8675 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. അതിൽ 2580 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 29.74 ആണ് ജില്ലയിലെ ഓപൺ സ്കൂളിൽ പരീക്ഷ എഴുതിയവരുടെ വിജയശതമാനം. ഒാപൺ സ്കൂൾ സ്കീമിൽ സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണം 36ൽനിന്ന് 25 ആയി കുറഞ്ഞെങ്കിലും സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ജില്ലക്ക്. 8867 പേരാണ് ഓപൺ സ്കൂൾ സ്കീമിൽ പരീക്ഷക്കായി ജില്ലയിൽ അപേക്ഷിച്ചിരുന്നത്. ഓപൺ സ്കൂൾ: സമ്പൂർണ എ പ്ലസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം പാലക്കാട്: ഓപൺ സ്കൂൾ സ്കീമിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ ശതമാനം സമീപവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചെങ്കിലും സമ്പൂർണ എ പ്ലസ് നേടുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. കഴിഞ്ഞതവണ ഓപൺ സ്കൂൾ സ്കീമിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയത് 36 ആയിരുന്നെങ്കിൽ ഇത്തവണയത് 25 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകൾ മാത്രമാണ് സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ പാലക്കാടിന് മുന്നിലുള്ളത്. ജില്ലയിലെ ഉപരിപഠന സാധ്യതകൾ പാലക്കാട്: പ്ലസ് ടു കടമ്പ കടന്നെത്തുന്നവർക്ക് ഉപരിപഠനത്തിന് നിരവധി സാധ്യതകളാണ് ജില്ലയിലുള്ളത്. പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജ് ഉൾപ്പെടെ എട്ട് സർക്കാർ കോളജുകളുണ്ട്. ഏഴ് എയ്ഡഡ് കോളജുകൾ, നാല് ഐ.എച്ച്.ആർ.ഡി കോളജുകൾ, മൂന്ന് പോളിടെക്നിക് കോളജുകൾ, 39 ഐ.ടി.ഐകൾ, സർക്കാർ-എയ്ഡഡ് മേഖലയിലെ ഏഴ് ടി.ടി.ഐകൾ, ജില്ല ആശുപത്രി നഴ്സിങ് കോളജ്, മലമ്പുഴ സിമറ്റ് നഴ്സിങ് കോളജ്, സ്വകാര്യ നഴ്സിങ് കോളജുകൾ എന്നിങ്ങനെ ഒട്ടേറെ ഉപരിപഠന സാധ്യതകളാണ് ഉള്ളത്.
Loading...
COMMENTS