വാളയാർ പെൺകുട്ടികളുടെ ആത്മഹത്യ: സർക്കാറിന് മനുഷ്യാവകാശ കമീഷ​​െൻറ വിമർശനം

06:05 AM
09/05/2018
പാലക്കാട്: സമീപകാലത്ത് വാളയാറിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാറിനെ വിമർശിച്ച് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ. വിഷയത്തിൽ ശിശുക്ഷേമ, സാമൂഹിക നീതി വകുപ്പുകൾ നടപടി എടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് അദ്ദേഹം സിറ്റിങ്ങിൽ കുറ്റപ്പെടുത്തി. ആത്മഹത്യ തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ വകുപ്പുകളോടും കലക്ടറോടും ആവശ്യപ്പെട്ടു. ജൂൺ 22ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ വിഷയം പരിഗണിക്കും. കമീഷൻ മുമ്പ് നൽകിയ നിർദേശങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ ഒടുവിലത്തെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. കഴിഞ്ഞ വർഷം ജനുവരി, മാർച്ച് മാസങ്ങളിൽ സഹോദരിമാരായ 13കാരിയും ഒമ്പതുകാരിയും ആത്മഹത്യ ചെയ്ത സംഭവത്തിൽ കമീഷൻ സ്വമേധയ കേസെടുത്തിരുന്നു. ഇരുവരും ലൈംഗിക ചൂഷണത്തിനിരയായെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അടുത്തിടെ ആത്മഹത്യ ചെയ്ത 16കാരിയും പീഡിപ്പിക്കപ്പെട്ടിരുന്നു. പാലക്കാട് എസ്.പി സമർപ്പിച്ച റിപ്പോർട്ട് കമീഷൻ കലക്ടർക്കും ശിശുക്ഷേമ, സാമൂഹിക നീതി വകുപ്പുകൾക്കും കൈമാറി. പ്രതികളെ അറസ്റ്റ് ചെയ്തതായും എസ്.പി അറിയിച്ചു. പെൺകുട്ടികൾക്കെതിരായ ചൂഷണം തടയാൻ കുടുംബശ്രീ മിഷൻ യൂനിറ്റ്, സഹായ സംഘടനകൾ എന്നിവയോട് ആവശ്യമായ നടപടിയെടുക്കാൻ കമീഷൻ ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമവകുപ്പി​െൻറ നേതൃത്വത്തിൽ സ്കൂൾതലത്തിൽ കുട്ടികൾക്ക് കൗൺസലിങ് നടത്തണമെന്നും അംഗനവാടികൾ കേന്ദ്രീകരിച്ച് ആശാവർക്കർമാർ വഴി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് സർവേ നടത്തുന്നത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Loading...
COMMENTS