ഭിന്നലിംഗക്കാരുടെ സുരക്ഷ: പൊലീസിന് മുന്നറിയിപ്പുമായി ഡി.ജി.പിയുടെ സർക്കുലർ

05:26 AM
10/03/2018
പാലക്കാട്: സംസ്ഥാനത്തെ ഭിന്നലിംഗക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക സർക്കുലർ. ഇവർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിമാർക്ക് ലഭിച്ച സർക്കുലറിൽ പറയുന്നത്. തങ്ങളുടെ സ്വൈര്യ ജീവിതത്തിന് നേരെ പലയിടങ്ങളിലും അതിക്രമം ഉണ്ടാകുമ്പോൾ പൊലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ഭിന്നലിംഗക്കാർ പരാതി നൽകിയിരുന്നു. പൊലീസി‍​െൻറ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടാകുന്നു എന്ന പരാമർശം പരാതിയിലുണ്ട്. ഇത് ആവർത്തിക്കരുതെന്ന മുന്നറിയിപ്പും മാർച്ച് ഏഴിന് അയച്ച സർക്കുലറിലുണ്ട്. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഭിന്നലിംഗക്കാരെ പ്രത്യേക വിഭാഗമായി പ്രഖ്യാപിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 'ട്രാൻസ്ജെൻഡർ നയം' രൂപവൽക്കരിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. സർക്കാർ നയത്തിന് വിരുദ്ധമായി അതിക്രമങ്ങളും മോശം പെരുമാറ്റവും ഉണ്ടാവുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഭിന്നലിംഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് അവരോട് മാന്യമായ പെരുമാറ്റം ഉറപ്പ് വരുത്തന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സർക്കുലറിലുണ്ട്. ഈ വിഭാഗത്തിന് നേരെയുണ്ടായ അതിക്രമങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഉൾെപ്പടെ സജീവ ചർച്ചയായിരുന്നു.
COMMENTS