അവർ പറഞ്ഞു, കനൽവഴി താണ്ടിയ കഥ

05:35 AM
09/03/2018
പാലക്കാട്: ജീവിതത്തി‍​െൻറ കനൽവഴികൾക്ക് മുന്നിൽ പകച്ചുനിന്ന സന്ദർഭത്തിൽ കൈത്താങ്ങായ കുടുംബശ്രീയിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത 13 മഹിളകൾ പറയാനുണ്ടായിരുന്നത് ആത്മവിശ്വാസവും ലക്ഷ്യവും കൈമുതലാക്കി ജീവിതവിജയം നേടിയതി‍​െൻറ കഥകൾ. ജീവിതത്തിൽ ആദ്യമായി ഒരു വേദിയെ അഭിമുഖീകരിച്ചതി‍​െൻറ പകപ്പ് മുഖത്തുനിന്ന് മാറാത്തവരായിരുന്നു അവരിൽ ഭൂരിഭാഗവും. തങ്ങളുടെ വിജയരഹസ്യം പങ്കുവെച്ചപ്പോൾ കേൾവിക്കാരായി എത്തിയവരുടെ മുഖത്ത് മിന്നിമറിഞ്ഞത് ആശ്ചര്യഭാവം. ലോക വനിത ദിനമായ വ്യാഴാഴ്ച കുടുംബശ്രീ പാലക്കാട് ജില്ല മിഷൻ 'സാക്ഷ്യം 'എന്ന പേരിൽ സംഘടിപ്പിച്ച 'ടോക്ക് ഷോ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വനിത സംരംഭകർ. കോട്ടായിയിൽനിന്നും 'അമൃതം' ന്യൂട്രിമിക്സ് യൂനിറ്റി‍​െൻറ വിജയകഥ അവതരിപ്പിച്ച് ഭഗീരഥി ഒന്നാം സ്ഥാനം നേടി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ 2007ൽ തുടങ്ങിയ ചെറിയൊരു യൂനിറ്റ് 2.25 കോടിയുടെ വിറ്റുവരവ് ലഭിക്കുന്ന യൂനിറ്റായി മാറിയതി‍​െൻറ കഥയാണ് പങ്കുവെച്ചത്. സ്വന്തമായി മെഷീനുകൾ രൂപകൽപന ചെയ്്ത്, സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്ത്, പാക്കേജിങ്ങും വിപണനവും കൂട്ടായ്മയിലൂടെ സാധ്യമാക്കിയ അനുഭവസാക്ഷ്യമാണ് ഭഗീരഥി പങ്കുവെച്ചത്. വാണിയംകുളത്ത് സംഘകൃഷിയിലൂടെ ഹരിത കേരളം മിഷൻ വിഭാവനം ചെയ്യുന്ന ആശയങ്ങൾ യാഥാർഥ്യമാക്കിയ മേരി ജോർജ് രണ്ടാം സ്ഥാനം നേടി. ഉൽപന്ന വൈവിധ്യവും വിപണനവും മികവോടെ കൈകാര്യം ചെയ്ത അനുഭവ കഥ അവതരിപ്പിച്ച തേങ്കുറിശ്ശിയിൽനിന്നുള്ള അഞ്ജു മൂന്നാം സ്ഥാനം നേടി. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് കുടുംബശ്രീ പ്രവർത്തനങ്ങളിൽ പരിശീലകയായും പ്രചോദനമായും ഒപ്പം നടന്ന പ്രിയ രാമകൃഷ്ണനെ പ്രത്യേക പരിഗണന നൽകി സംസ്ഥാനതല ടോക്ക് ഷോയിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഐ.ടി, ഗാർമ​െൻറ്സ്, അടുക്കള ഉപകരണങ്ങൾ, കൂൺ കൃഷി, ഇളനീർ വിപണനം, നെൽകൃഷി, സംഘകൃഷി, ആടുവളർത്തൽ, കുടുംബശ്രീ കഫേ, ഹോളോ ബ്രിക്സ് നിർമാണം, നാടക-സാംസ്കാരിക സംഘം എന്നീ മേഖലകളിലെ വിജയകഥകൾ മത്സരാർഥികൾ പങ്കുവെച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സൈതലവി ഷോ നയിച്ചു. കുടുംബശ്രീ െട്രയ്നർ പ്രമീള അവതാരികയായി. ടൈംസ് ഓഫ് ഇന്ത്യ കറസ്പോണ്ടൻറ് ജി. പ്രഭാകരൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ വി.പി. സുലഭ, സുനിത ഗണേഷ്, രാജേഷ് മേനോൻ എന്നിവരാണ് സംസ്ഥാനതലത്തിൽ പങ്കെടുക്കേണ്ടവരെ നിർണയിച്ചത്.
COMMENTS