കവിതയുടെ കാർണിവലിന് ഒമ്പതിന്​ തുടക്കമാവും

05:26 AM
08/03/2018
പാലക്കാട്: 'കവിത: പ്രതിരോധം, പ്രതിസംസ്കൃതി' പ്രമേയത്തിൽ നടക്കുന്ന കവിതയുടെ കാർണിവലി‍​െൻറ മൂന്നാം പതിപ്പ് മാർച്ച് ഒമ്പതിന് പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ തുടക്കമാവും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന കാർണിവലി‍​െൻറ ഭാഗമായി തത്സമയ ചിത്ര ശിൽപ രചന ക്യാമ്പും കോളജ് വിദ്യാർഥികൾക്കുള്ള കവിത ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കാർണിവൽ ജനറൽ കൺവീനർ ഡോ. എച്ച്.കെ. സന്തോഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് രാവിലെ 9.30ന് കന്നട നാടക സംവിധായകൻ പ്രസന്ന കാർണിവൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഫോട്ടോഗ്രാഫർ റാം റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. അഞ്ച് വേദികളിലായാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലായി കോളജ് അധ്യാപകരും സാഹിത്യ ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. 'എഴുത്തും പ്രതിരോധവും' വിഷയത്തിലുള്ള പ്രഭാഷണ പരമ്പരയിൽ രാജ്യത്തി‍​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും സാഹിത്യനിരീക്ഷകരും പങ്കെടുക്കും. കാലിക്കറ്റ് സർവകലാശാല യൂനിയനുമായി സഹകരിച്ചാണ് കവിത ക്യാമ്പ്. കവി പി. രാമനാണ് ക്യാമ്പ് ഡയറക്ടർ. പ്രകാശ് ബാരെയുടെ 'കവിതാവിഷ്കാരങ്ങൾ', 'പടയണി', ലീന മണിമേഖല അവതരിപ്പിക്കുന്ന 'പോയട്രി പെർഫോമൻസ്', പട്ടാമ്പി കോളജ് നാടകസംഘത്തി‍​െൻറ ആവിഷ്കാരം 'കേരളം സമരം കവിത' എന്നിവയും ഒരുക്കിയിട്ടുണ്ട്. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ഷീല, കോളജ് യൂനിയൻ ചെയർമാൻ മഹേഷ് ലാൽ, അധ്യാപകൻ അജു എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
COMMENTS