തൊണ്ട വരളുന്നു; പാലക്കാട്​ വെന്തുരുകുന്നു

05:33 AM
07/03/2018
പാലക്കാട്: പാലക്കാടി​െൻറ ഉള്ളും പുറവും വെന്തുരുകുകയാണ്. വേനൽ കടുത്ത് ചൂട് വർധിച്ചതോടെ പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത അത്യുഷ്ണം. നഗര പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം വരെ കുടയില്ലാതെ പുറത്തിറങ്ങാൻ കഴിയുന്നില്ല. ചൊവ്വാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 38.1 ഡിഗ്രിയാണ് ചൊവ്വാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. പാലക്കാട് ഐ.ആർ.ടി.സിയിൽ 39 ഡിഗ്രിയും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയ ഉയർന്ന ചൂട്. വേനൽ കടുത്തതോടെ പാലക്കാട് ജില്ലയിലെ മിക്ക ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി. പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴ നീർച്ചാലായി. വേനൽ മഴ പെയ്തില്ലെങ്കിൽ ഭാരതപ്പുഴയുടെ പല ഭാഗങ്ങളിലും ഒഴുക്ക് നിലക്കും. ഭാരതപ്പുഴയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളും അവതാളത്തിലാണ്. ഗായത്രി പുഴയിലും കൽപ്പാത്തി പുഴയിലും ജലനിരപ്പും ഒഴുക്കും നാമമാത്രമായി. ജില്ലയിലെ അണക്കെട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിലെ വെള്ളത്തി​െൻറ അളവിൽ മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വർധനവുണ്ടെങ്കിലും മുൻ വർഷം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. മലമ്പുഴയിൽ കഴിഞ്ഞ വർഷം ഇതേ സമയം 102.53 മീറ്ററായിരുന്നു ജലനിരപ്പെങ്കിൽ ഇത്തവണ 103.03 മീറ്ററാണ് ജലനിരപ്പ്. ഗ്രാമപ്രദേശങ്ങളിലടക്കം കുടിവെള്ള ക്ഷാമവും രൂക്ഷമായി. ചിറ്റൂർ താലൂക്കിലെ മിക്ക പഞ്ചായത്തുകളും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിച്ചു തുടങ്ങി. കൊല്ലങ്കോട്, എരുത്തേമ്പതി, വടകരപ്പതി തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളത്തിന് നാട്ടുകാർ സമരം തുടങ്ങി. അട്ടപ്പാടി മേഖലയിലും വരൾച്ച ബാധിച്ചു. ഭവാനി, ശിരുവാണി പുഴകളിലെ ജലനിരപ്പ് താഴ്ന്നത് പല കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിച്ചു. കിഴക്കൻ അട്ടപ്പാടി മേഖലയിലെ ആദിവാസി ഊരുകളിൽ കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലേക്കും വരും ദിവസങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കേണ്ടി വരും. ജില്ലയിലെ ഭൂഗർഭ ജലത്തി​െൻറ അളവും കുറയുകയാണ്. ഏപ്രിൽ പകുതിയോടെ മാത്രമേ വേനൽ മഴയുണ്ടാകൂവെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പി​െൻറ അറിയിപ്പ്. അതുവരെ സർക്കാർ ഇടപെട്ട് ജല ഉപയോഗം നിയന്ത്രിച്ച് കുടിവെള്ളം ഉറപ്പാക്കിയില്ലെങ്കിൽ രൂക്ഷമായ പ്രശ്നം നേരിടേണ്ടി വരും. ചൂട് കൂടിയതോടെ കാട്ടുതീ ഭീഷണിയും പ്രതിസന്ധി സൃഷ്ടിക്കുന്നു. വനമേഖലകളിൽ വനംവകുപ്പ് കാട്ടുതീ തടയാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഉദ്യോഗസ്ഥ ക്ഷാമവും സൗകര്യക്കുറവും തിരിച്ചടിയാകുന്നുണ്ട്. വനത്തിനുള്ളിൽ താൽക്കാലിക ജലസംഭരണി ഒരുക്കി മൃഗങ്ങൾക്ക് കുടിവെള്ളം നൽകാനും പദ്ധതിയുണ്ട്. വേനൽ കടുത്താൽ വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലെത്തുന്നത് തടയാനാണ് കാട്ടിൽ സൗകര്യമൊരുക്കുക.
Loading...
COMMENTS