ചിറ്റൂർപുഴ പദ്ധതി: വാലറ്റ പ്രദേശം മുതൽ ജലവിതരണം ഉറപ്പാക്കണം ^ഹൈ കോടതി

05:12 AM
07/01/2018
ചിറ്റൂർപുഴ പദ്ധതി: വാലറ്റ പ്രദേശം മുതൽ ജലവിതരണം ഉറപ്പാക്കണം -ഹൈ കോടതി പാലക്കാട്: ചിറ്റൂർ പുഴ പദ്ധതി പ്രകാരം വാലറ്റ പ്രദേശം മുതൽ ജലവിതരണം ഉറപ്പാക്കണമെന്ന് ഹൈ കോടതി. കർഷകരും പറമ്പിക്കുളം-ആളിയാർ വാട്ടർ യൂസേഴ്സ് അസോ. കേരള പ്രതിനിധികളുമായ സി.ആർ. രാജേഷ്, പി. നാരായണൻ കുട്ടി എന്നിവർ നൽകിയ ഹരജിയിലാണ് ഈ മാസം നാലിന് ഹൈ കോടതി വിധി പുറപ്പെടുവിച്ചത്. ഹരജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. 2010ലെ പദ്ധതി ചട്ടങ്ങൾ അനുസരിച്ച് ജലവിതരണം ഉറപ്പുവരുത്താൻ ചിറ്റൂർപുഴ പദ്ധതി എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സി. എൻജിനീയർ, കലക്ടർ എന്നിവർക്കാണ് കോടതി നിർദേശം നൽകിയത്. ഭാരതപ്പുഴയുടെ നിലനിൽപ്പിന് പ്രധാന പോഷകനദിയായ ചിറ്റൂർ പുഴയെ നിലനിർത്തണമെന്നും ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് നീരൊഴുക്ക് ഉറപ്പ് വരുത്തണമെന്നും പറമ്പിക്കുളം-ആളിയാർ വാട്ടർ യൂസേഴ്സ് അസോ. (കേരള) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പറമ്പിക്കുളം-ആളിയാർ കരാർ അപാകതകൾ പരിഹരിച്ച് പുതുക്കണം. കേരളത്തി​െൻറ ന്യായമായ ആവശ്യങ്ങൾ തമിഴ്നാട് അംഗീകരിക്കുന്നില്ലെങ്കിൽ മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം ഗ്രൂപ് ഡാമുകൾ കേരള സർക്കാർ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കരാർ പ്രകാരം ലഭിക്കുന്ന വെള്ളം കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വെള്ളം പാഴാകുന്ന അവസ്ഥയാണ്. ഇതുവരെ ജലവിതരണ കലണ്ടർ പോലും തയാറാക്കിയിട്ടില്ല. നെൽകൃഷിക്ക് വെള്ളം ആവശ്യമുള്ളപ്പോൾ ലഭിക്കുന്നില്ല. നെൽപാടങ്ങളിലേക്കുള്ള വെള്ളം തെങ്ങിൻ തോപ്പുകളിലേക്ക് വഴിതിരിച്ചുവിടുകയാണ്. കാലങ്ങളായി പെരുവെമ്പ്, വിളയൻ ചാത്തനൂർ തുടങ്ങിയ വാലറ്റ മേഖലകളിലേക്ക് വെള്ളം ലഭിക്കുന്നില്ല. പറമ്പിക്കുളം ഗ്രൂപ് ഡാമുകളിൽ ചുരുങ്ങിയത് 12.5 ടി.എം.സി വെള്ളം ഉണ്ടാകാറുണ്ട്. ഇതിൽ അഞ്ച് ടി.എം.സി പോലും കേരളം കൃത്യമായി ഉപയോഗിക്കാറില്ലെന്നും വെള്ളം മുഴുവൻ തമിഴ്നാടിനാണ് ഗുണം ചെയ്യുന്നതെന്നും ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ പറമ്പിക്കുളം-ആളിയാർ വാട്ടർ യൂസേഴ്സ് അസോ. (കേരള) ചീഫ് കോഓഡിനേറ്റർ വി. ശിവരാമകൃഷ്ണൻ, അംഗങ്ങളായ സി.ആർ. രാജേഷ്, പി. നാരായണൻകുട്ടി, എസ്. ബാബു എന്നിവർ പങ്കെടുത്തു.
Loading...
COMMENTS