നഗരമധ്യത്തിലെ മോഷണം; തുമ്പില്ലാതെ പൊലീസ്

05:11 AM
03/01/2018
പാലക്കാട്: ക്രിസ്മസ് തലേന്ന് നഗരമധ്യത്തിലെ വീട്ടിൽ നടന്ന മോഷണ കേസിൽ തുമ്പ് കിട്ടാതെ പൊലീസ്. ദിവസങ്ങൾക്ക് മുമ്പ് കൊല്ലങ്കോടുണ്ടായ സമാന സ്വഭാവമുള്ള കേസിലെ പ്രതിയിൽനിന്ന് വിവരം കിട്ടുമെന്ന പൊലീസി‍​െൻറ പ്രതീക്ഷയും അവസാനിച്ചു. മോഷണം നടന്ന കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുള്ള വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ പൊലീസിന് സംശയമുള്ളവരുടേതുമായി ഒക്കുന്നില്ല എന്നതും വേറെ തെളിവൊന്നും സംഭവ സ്ഥലത്തുനിന്ന് കിട്ടാത്തതുമാണ് പൊലീസിനെ കുഴക്കുന്നത്. ഡിസംബർ 24ന് പകലാണ് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുള്ള അബൂബക്കർ റോഡിലെ ഐശ്വര്യയിൽനിന്ന് അഞ്ചര പവർ സ്വർണാഭരണം, 3500 രൂപ, ലാപ്ടോപ്, ടാബ്ലെറ്റ്, വാച്ച്, കൂളിങ് ഗ്ലാസ്, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ 50 വീതം ഡോളറുകൾ എന്നിവ മോഷണം പോയത്. വീട്ടുടമസ്ഥരായ എം.വി. വേണുഗോപാലും ഭാര്യ ഇ.പി. ചന്ദ്രലേഖയും ഞായറാഴ്ച രാവിലെ ആറിന് വിവാഹത്തിൽ പങ്കെടുക്കാനായി കോഴിക്കോട് പോ‍യപ്പോഴായിരുന്നു സംഭവം. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. മുൻവശത്തെ ഗ്രില്ലിേൻറയും വാതിലിേൻറയും പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചതും മോഷണം നടത്തിയതും. പാലക്കാട്ടെ മോഷണത്തിന് ദിവസങ്ങൾക്ക് മുമ്പ് സമാനമായൊരു കേസ് കൊല്ലങ്കോട് നടന്നിരുന്നു. ഇതിലെ പ്രതിയെ ദിവസങ്ങൾക്കകം പൊള്ളാച്ചിയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് ഈ കേസുമായി ബന്ധമുണ്ടാകുമെന്ന പൊലീസി‍​െൻറ നിഗമനവും തെറ്റി. ഇനി സംശയമുള്ള കൂടുതൽ ആളുകളുടെ വിരലടയാളങ്ങൾ പരിശോധിക്കുകയേ വഴിയുള്ളൂ എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മോഷണത്തെക്കുറിച്ച് തുമ്പുണ്ടാക്കാൻ ഒരാഴ്ച കഴിഞ്ഞിട്ടും സാധിക്കാത്ത പൊലീസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.
Loading...
COMMENTS