പാലക്കാട് ലിറ്ററേച്ചര്‍ ഫെസ്​റ്റ് നാളെ മുതൽ

05:26 AM
02/02/2018
പാലക്കാട്: ശാന്തകുമാരന്‍ തമ്പി ഫൗണ്ടേഷന്‍, സാംസ്‌കാരിക വകുപ്പ്, പ്രസ്‌ക്ലബ്, ശാന്തം മാസിക എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലാമത് പാലക്കാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30ന് രാപ്പാടി ഓപണ്‍ ഓഡിറ്റോറിയത്തില്‍ മറാത്തി എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരണ്‍കുമാര്‍ ലിംബാളെ ഉദ്ഘാടനം ചെയ്യും. 11ന് തുടങ്ങുന്ന ആദ്യ സെഷനിൽ മലമ്പുഴ യക്ഷി പ്രതിമയുടെ 50ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ശില്‍പി കാനായി കുഞ്ഞിരാമനുമായി സംവാദം 'ഒരു യക്ഷിക്കഥ'. ഉച്ചക്ക് 12.30ന് 'മലയാള സിനിമയിലെ ആണത്ത പ്രകടനങ്ങള്‍' വിഷയത്തില്‍ സംവാദം. സംവിധായകൻ ഡോ. ബിജു, ജി.പി. രാമചന്ദ്രൻ, ഡോ. ടി. അനിതകുമാരി എന്നിവർ പങ്കെടുക്കും. ഉച്ചക്ക് രണ്ടുമുതൽ നടക്കുന്ന സാഹിത്യ സംവാദത്തിൽ എഴുത്തുകാരായ യു.കെ. കുമാരൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കെ.എ. സെബാസ്റ്റ്യൻ, വി.എച്ച്. നിഷാദ്, ടി.കെ. ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കല്‍കി സുബ്രഹ്മണ്യം സംസാരിക്കും. വൈകീട്ട് നാലിന് ശരണ്‍കുമാര്‍ ലിബാംളെയുമായി മുഖാമുഖം. അഞ്ച് മുതൽ ജീവൻ ജോബ് തോമസ് 'ലൈംഗികതയുടെ ശാസ്ത്രവും സാഹിത്യവും' വിഷയത്തിൽ സംസാരിക്കും. തുടർന്ന് പുസ്തക പ്രകാശനവും കലാസന്ധ്യയും. ഞായറാഴ്ച രാവിലെ 9.45ന് 'സമകാലിക തമിഴ് സാഹിത്യ വര്‍ത്തമാനം' സംവാദത്തിൽ തമിഴ് എഴുത്തുകാരായ യുവാന്‍ ചന്ദ്രശേഖര്‍, ദമയന്തി എന്നിവർ പങ്കെടുക്കും. 11.30ന് സാമൂഹിക ചിന്തകൻ സുനില്‍ പി. ഇളയിടവുമായി അഭിമുഖം. ഉച്ചക്ക് 2.30ന് തുടങ്ങുന്ന 'കവിയും കവിതയും' സെഷനിൽ വീരാൻകുട്ടി, സോമൻ കടലൂർ, വി.എം. ഗിരിജ, പി. രാമൻ, വിനു ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. നാലിന് നടക്കുന്ന സെഷനിൽ സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കെടുക്കും. സമാപന സമ്മേളനം എഴുത്തുകാരൻ സേതു ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഫെസ്റ്റ് ഡയറക്ടര്‍ ആഷാ മേനോന്‍, കണ്‍വീനര്‍ ഡോ. സി. ഗണേഷ്, ഫൈസല്‍ അലിമുത്ത്, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.എ.എം. ജാഫര്‍ എന്നിവർ പങ്കെടുത്തു.
COMMENTS