വ്യവസായ പ്രദർശനവും ബിസിനസ് മീറ്റും ഇന്നുമുതൽ

05:23 AM
02/02/2018
പാലക്കാട്: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മന്ത്രാലയവും ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആൻഡ് കോമേഴ്‌സ്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പാലക്കാട് എന്നിവർ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വ്യവസായ പ്രദര്‍ശനവും ബിസിനസ് ടു ബിസിനസ് മീറ്റും- എം.എസ്.എം.ഇ എക്‌സ്‌പോ -2018ഉം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് എതിർവശം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഡിവിഷനല്‍ റെയിൽവേ മാനേജര്‍ നരേഷ് ലാല്‍വാനി ഉദ്ഘാടനം ചെയ്യും. സംരംഭകര്‍ക്ക് കേന്ദ്രസർക്കാർ പദ്ധതികളെ സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പൊതുമേഖല സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. കോഴ്‌സ് പൂര്‍ത്തിയാക്കിയ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സാധ്യതകള്‍ പരിചയപ്പെടുത്താനും എക്‌സ്‌പോ സഹായകരമാവും. മേളയില്‍ ഐ.എസ്.ആര്‍.ഒ, ബി.ഇ.എം.എല്‍, റെയിൽവേ, പ്രതിരോധം, ഓര്‍ഡിനന്‍സ് ഫാക്ടറി, കൊച്ചിന്‍ റിഫൈനറി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നിവയുടെ സ്റ്റാളുകള്‍ ഉണ്ടാവും. എസ്.ബി.ഐ, കനറ തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികള്‍ സാമ്പത്തിക പദ്ധതികൾ വിശദീകരിക്കും. വാര്‍ത്തസമ്മേളനത്തില്‍ എം.എസ്.എം.ഇ ഡയറക്ടർ പി.വി. വേലായുധന്‍, അസി. ഡയറക്ടര്‍ കെ.സി. ജോണ്‍സണ്‍, കെ.എസ്.എസ്‌.ഐ.എ പാലക്കാട് യൂനിറ്റ് പ്രസിഡൻറ് സി.എസ്. ഹക്കീം എന്നിവർ പങ്കെടുത്തു. ഹൃദയരാഗം നാളെ പാലക്കാട്: പാലക്കാട് ലയണ്‍സ് ക്ലബ് ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ഹൃദയരാഗം സംഗീതോത്സവം ശനിയാഴ്ച വൈകീട്ട് 6.30ന് പാലക്കാട് ലയണ്‍സ് സ്‌കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗായകന്‍ ഉണ്ണിമേനോനും സംഘവുമാണ് പരിപാടി അവതരിപ്പിക്കുക. മിമിക്രിതാരം കലാഭവന്‍ സതീഷ് പരിപാടി അവതരിപ്പിക്കും. പരിപാടിയില്‍നിന്ന് ലഭിക്കുന്ന തുക കൊണ്ട് 10 പേര്‍ക്ക് ഹൃദയശസ്ത്രക്രിയ, 1000 പേര്‍ക്ക് ഡയാലിസിസ്, നിര്‍ധനര്‍ക്ക് ഭവന നിര്‍മാണം എന്നിവ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ ശാന്തന്‍ മേനോന്‍, സെക്രട്ടറി പി. മോഹനകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.
COMMENTS