നോവും കാഴ്​ചയായി രണ്ട് വയോധികർ, ജില്ല ആശുപത്രി വാർഡിൽ

05:14 AM
10/04/2018
സ്വന്തം ലേഖകൻ pg1 പാലക്കാട് ജില്ല ആശുപത്രി വാർഡിൽ നിന്ന് വയോധികർ പാലക്കാട്: ഗവ. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പഠനസ്ഥാപനം കൂടിയായ നഗരത്തിലെ ജില്ല ആശുപത്രി തിങ്കളാഴ്ച കരൾ പിളരുന്ന കാഴ്ചയിൽ നീറി. ആരും തിരിഞ്ഞുനോക്കാനില്ലാതെ, രണ്ട് വയോധികരുടെ എല്ലുന്തിയ ശരീരം ഉടുതുണിയില്ലാതെ വിസർജ്യത്തിലും മൂത്രത്തിലും അമർന്ന് വാർഡിലെ ആളൊഴിഞ്ഞ മൂലയിൽ കിടന്നത് മണിക്കൂറുകൾ. ഇരുവർക്കും അറുപതിനോടടുത്ത് പ്രായം തോന്നിക്കും. ഒരാൾ ഷൺമുഖനെന്ന് പേര് മാത്രം പറയുന്നു. മറ്റൊരാൾ തലശ്ശേരി സ്വദേശിയാണെന്നും പേര് അമീറാണെന്നും പറഞ്ഞു. ആശുപത്രി രേഖകൾ പ്രകാരം ഈ മാസം ഏഴിനാണ് അമീറിനെ ചില പരിസരവാസികൾ ആശുപത്രിയിലാക്കിയത്. ഷൺമുഖനെ സൗത്ത് പൊലീസ് രണ്ടാഴ്ച മുമ്പ് കൊണ്ടുവന്നതാണെന്നാണ് പറയുന്നത്. അമീറിനെ ആശുപത്രി കാൻറീനിന് മുന്നിൽനിന്ന് അവശനിലയിലെത്തിച്ചതാണ്. ആശുപത്രി രേഖയിൽ ഇയാളുടെ പേര് അമീർ എന്നാണെങ്കിൽ ഇയാൾ ഹമീദ് എന്നും പ‍റയുന്നുണ്ട്. ഇരുവരും അവ്യക്തമായി മാത്രമേ സംസാരിക്കുന്നുള്ളൂ. നേരത്തേ ഇത്തരം രോഗികളെ ഐസൊലേഷൻ വാർഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. എന്നാൽ, ഈ വാർഡ് അടച്ചുപൂട്ടി കാൻസർ വാർഡാക്കിയതോടെയാണ് ആരോരുമില്ലാത്ത രോഗികളെ മൂലയിൽ തള്ളിയത്. കിടക്കക്ക് താഴെ മലത്തിലും മൂത്രത്തിലും നഗ്നരായാണ് ഇരുവരും തിങ്കളാഴ്ച ഉച്ചവരെ കിടന്നത്. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ആശുപത്രി അധികൃതർ മുറി വൃത്തിയാക്കാനും മരുന്നും ഭക്ഷണവും നൽകാനുമെത്തിയത്. സന്നദ്ധ പ്രവർത്തകരാണ് ഇവർക്ക് വസ്ത്രം നൽകിയത്. സംഭവമറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, ഡി.എം.ഒ കെ.പി. റീത്ത എന്നിവർ സ്ഥലത്തെത്തി. എല്ലാ സഹായവും ചെയ്യുമെന്ന് ഇരുവരും അറിയിച്ചു. ഹർത്താലായതിനാൽ ജീവനക്കാർ കുറവായതിനാലാണ് തിങ്കളാഴ്ച കൃത്യമായി പരിചരിക്കാൻ സാധിക്കാതിരുന്നതെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി വിശദീകരിച്ചു. കൃത്യസമയത്ത് ചികിത്സയും ഭക്ഷണവും നൽകാറുണ്ട്. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
COMMENTS