കേരളത്തിൽ തോട്ടിപ്പണി ഇപ്പോഴുമുണ്ട്; പുതിയ രൂപത്തിൽ

05:44 AM
08/04/2018
പാലക്കാട്: നിയമംമൂലം നിരോധിച്ചതാണെങ്കിലും കേരളത്തിൽ പുതിയ രൂപത്തിൽ തോട്ടിപ്പണി നിലനിൽക്കുന്നതായി സർവേ റിപ്പോർട്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നവരും റെയിൽവേ ട്രാക്കുകളിലെ മലം നീക്കം ചെയ്യുന്നവരുമാണ് കേരളത്തിൽ തോട്ടിപ്പണി ചെയ്യുന്നത്. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇത് തോട്ടിപ്പണിയായി കണക്കാക്കുമെന്ന് അധികൃതർ പറയുന്നു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പി​െൻറ നേതൃത്വത്തിൽ തോട്ടിപ്പണി നിർമാർജനവും തോട്ടിപ്പണിക്കാരുടെ പുനരധിവാസവും ലക്ഷ്യമിട്ട് ദേശീയതലത്തിൽ നടപ്പാക്കുന്ന സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷനൽ സഫായി കർമചാരി ഫിനാൻസ് ആൻഡ് ഡെവലപ്മ​െൻറ് കോർപറേഷനാണ് പഠനം നടത്തുന്നത്. സംസ്ഥാനത്ത് ശുചിത്വമിഷനാണ് സർവേ ചുമതല. ശുചിത്വമില്ലാത്ത കക്കൂസുകളുടെ കണക്കുപ്രകാരം ആദ്യഘട്ടത്തിൽ 18 സംസ്ഥാനങ്ങളിലെ 164 ജില്ലകളിലാണ് സർവേ നടത്തുന്നത്. കേരളത്തിൽ പാലക്കാട്, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സർവേ നടത്തി അർഹരായവർക്ക് ആനുകൂല്യങ്ങളും പുനരധിവാസവും നൽകും. സർവേ ഏപ്രിലിൽ പൂർത്തിയാക്കണം. പാലക്കാട് ബ്ലോക്കിൽ മാത്രം 54 തൊഴിലാളികളാണ് സർവേയിൽ രജിസ്റ്റർ ചെയ്തത്. മിക്കവരും ഇപ്പോഴും പമ്പിങ് രീതിയിൽ തോട്ടിപ്പണി ചെയ്യുന്നവരും റെയിൽവേ ട്രാക്കുകളിലെ മലം നീക്കുന്നവരുമാണെന്ന് ജില്ല ശുചിത്വമിഷൻ അധികൃതർ പറഞ്ഞു. ഇതിൽ 10 സ്ത്രീകളും ഉൾപ്പെടും. രജിസ്റ്റർ ചെയ്തവർ മുഴുവൻ മലയാളികളാണെന്നും എന്നാൽ, കേരളത്തിൽ ഈ മേഖലയിൽ കൂടുതൽ ജോലി ചെയ്യുന്നത് തമിഴ്നാട്ടിൽനിന്നുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി. തുച്ഛമായ വേതനത്തിനാണ് ഇവർ ഈ ജോലി ചെയ്യുന്നത്. സുരക്ഷയില്ലാതെ, മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു. 2013ലാണ് കേന്ദ്രം തോട്ടിപ്പണി നിരോധിച്ച് നിയമം പാസാക്കിയത്. 2013ലെ കണക്കുപ്രകാരം രാജ്യത്ത് 13,600 തോട്ടിപ്പണിക്കാരുണ്ടായിരുന്നു. 2.67 ലക്ഷം ശുചിത്വമില്ലാത്ത കക്കൂസുകളുണ്ടെന്നും ഒരു തൊഴിലാളി ശരാശരി 10 കക്കൂസുകൾ വൃത്തിയാക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. പദ്ധതിയിലെ പ്രധാന ആനുകൂല്യങ്ങൾ *തോട്ടിപ്പണി ഉപേക്ഷിക്കുന്നവർക്ക് ഉപജീവന മാർഗം കണ്ടെത്താനായി 40,000 രൂപ *ജോലി നൈപുണ്യം നേടാൻ പ്രതിമാസം 3,000 രൂപ സ്റ്റൈെപൻഡ് *സ്വയംതൊഴിൽ പദ്ധതികൾക്ക് സബ്സിഡിയോടു കൂടി 15 ലക്ഷം വരെ വായ്പ *തൊഴിലാളികളുടെ മക്കൾക്ക് പ്രീമെട്രിക് സ്കോളർഷിപ്
Loading...
COMMENTS