'ഞങ്ങളെ ബലിയാടാക്കുന്നു' ^കരുണയിലെ വിദ്യാർഥികൾ

05:44 AM
08/04/2018
'ഞങ്ങളെ ബലിയാടാക്കുന്നു' -കരുണയിലെ വിദ്യാർഥികൾ പാലക്കാട്: സർക്കാറും കരുണ മെഡിക്കൽ കോളജ് മാനേജ്മ​െൻറും തമ്മിലെ തർക്കത്തിൽ തങ്ങളെ ബലിയാടാക്കുകയാണെന്ന് മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് പഠനം അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പ്രവേശനം നേടിയതെന്നും നീതി കിട്ടാനായി സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്നും വിദ്യാർഥികളും രക്ഷിതാക്കളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കരാറിൽനിന്ന് കരുണ മെഡിക്കൽ കോളജ് പിന്മാറിയതിലെ വൈരാഗ്യം തീർക്കാനാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിയും ജെയിംസ് കമ്മിറ്റിയും ശ്രമിക്കുന്നത്. ജെയിംസ്‌ കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് പ്രവേശനം തേടിയത്. മെറിറ്റ് അട്ടിമറിച്ചാണ് അഡ്മിഷൻ നേടിയതെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണ്. എം.ഇ.എസ് അടക്കമുള്ള കോളജുകളിൽ തങ്ങളേക്കാൾ താഴ്ന്ന റാങ്കിലുള്ള കുട്ടികൾ പഠിക്കുന്നുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാക്കി പരീക്ഷക്ക് തയാറാകവേ പ്രവേശനം റദ്ദാക്കിയത് വിദ്യാർഥികളെ മാനസികമായി തളർത്തിയിരിക്കുകയാണ്. 31 കുട്ടികളുടെ പ്രവേശനത്തിലാണ് പ്രശ്നമുണ്ടായത്. ഇതിൽ ഒരു വിദ്യാർഥി ഹൈകോടതി‍യിൽനിന്ന് അനുകൂല വിധി സമ്പാദിച്ച് ഇപ്പോഴും പഠനം തുടരുന്നു. തങ്ങൾക്കു പകരം മെറിറ്റുണ്ടെന്ന് ജെയിംസ് കമ്മിറ്റി പറഞ്ഞ കുട്ടികളിൽ ഏഴുപേർക്ക് നിലവിലെ വിദ്യാർഥികളേക്കാൾ മാർക്ക് കുറവാണ്. ഇതിൽ 22 കുട്ടികൾ മാത്രമാണ് പഠിക്കാനെത്തിയതെന്നും കോളജിനോടുള്ള പക തീർക്കാൻ വിദ്യാർഥികളെ കരുവാക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. കേസില്‍ കരുണ മെഡിക്കല്‍ കോളജ് മാനേജ്‌മ​െൻറ് കക്ഷിചേരുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ കോളജുകള്‍ തമ്മിലുള്ള ശത്രുത പ്രശ്‌നം വഷളാവാന്‍ ഇടയാക്കിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമാണ് നല്‍കിയിട്ടുള്ളത്. കാപിറ്റേഷന്‍ ഫീയോ സംഭാവനയോ നല്‍കിയിട്ടില്ല. പ്രവേശന നടപടിക്രമങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തിന് മറുപടി പറയാന്‍ ജെയിംസ് കമ്മിറ്റി അവസരം നല്‍കിയില്ല. ഇതിനായി ഹിയറിങ് നടത്തിയിട്ടുമില്ല. എന്നാല്‍, ഹിയറിങ് നടത്തിയെന്നാണ് ജെയിംസ് കമ്മിറ്റി പറയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അക്ഷയ്കുമാര്‍, നിഥിന്‍ തോമസ്, ഫഹദ് ഫിറോഷ്, രക്ഷിതാക്കളായ മുഹമ്മദ് ഫാറൂഖ്, പി.കെ. മന്‍സൂര്‍ എന്നിവർ പങ്കെടുത്തു.
COMMENTS