പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കെതിരെ അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ്

05:26 AM
07/04/2018
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവനയിൽ പ്രചോദനമുൾക്കൊണ്ടാണ് തീരുമാനമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. ബി.ജെ.പിയുടെ ഫാഷിസത്തിനെതിരെ പോരാടുന്നവരാണ് എന്നുപറയുന്ന സി.പി.എം ആത്മാർഥതയുണ്ടെങ്കിൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ബി.ജെ.പി ഭരണം സർവത്ര അഴിമതിയിൽ മുങ്ങിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ടെൻഡർ പോലും വിളിക്കാതെ ഇഷ്ടക്കാർക്ക് നൽകുകയാണ്. സംസ്ഥാന സർക്കാർ ഇതിന് കൂട്ടുനിൽക്കുന്നു. ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ വിജിലൻസിന് നൽകിയ പരാതികളിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. പല സന്ദർഭങ്ങളിലും ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാണ് അവിശ്വാസ പ്രമേയത്തിലേക്കെത്തുക. ആദ്യഘട്ടത്തിൽ വർക്കിങ് ഗ്രൂപ് കമ്മിറ്റിയിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഉടൻ രാജിവെക്കും. രണ്ടാംഘട്ടത്തിൽ സ്റ്റാൻഡിങ് കമ്മിറ്റികളിൽ അവിശ്വാസ പ്രമേയമവതരിപ്പിക്കും.വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ വി.കെ. ശ്രീകണ്ഠൻ, പി.വി. രാജേഷ്, മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡൻറ് എം.എം. ഹമീദ്, മുൻ ലീഗ് കൗൺസിലർ അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. പാലക്കാട് നഗരസഭയിൽ അവിശ്വാസ പ്രമേയത്തെ കാത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പ്രതികരിച്ചു.
COMMENTS