പാലക്കാട്​ ഗവ. മെഡിക്കൽ കോളജ്​: വീഴ്​ചയുണ്ടാവരുതെന്ന്​ മന്ത്രിയുടെ കർശന നിർദേശം

05:18 AM
31/10/2017
പാലക്കാട്: പട്ടികജാതി ക്ഷേമവകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ. പ്രശ്നങ്ങൾ പരിഹരിക്കുന്നതി​െൻറ ഭാഗമായി നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന ഉടൻ നടക്കുന്ന സാഹചര്യത്തിൽ കോളജിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടാകരുതെന്നും നിർദേശിച്ചു. നിർമാണ പുരോഗതി വിലയിരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എല്ലാ മാസവും അവലോകന യോഗം ചേർന്ന് റിപ്പോർട്ട് സർക്കാറിന് നൽകണം. മൂന്ന് മാസത്തിലൊരിക്കൽ മന്ത്രി, എം.എൽ.എ എന്നിവർ പങ്കെടുക്കുന്ന അവലോകന യോഗം വിളിക്കണം. ഒരു കാരണവശാലും മെഡിക്കൽ കോളജി​െൻറ അംഗീകാരം നഷ്ടപ്പെടുത്തരുത്. തടസ്സങ്ങൾ അതത് സമയത്ത് സർക്കാറിനെ അറിയിക്കണം. സർക്കാറി​െൻറ സ്വപ്നപദ്ധതിയാണ് പാലക്കാട് മെഡിക്കൽ കോളജ്. പുതിയ പ്രപ്പോസലുകൾ അംഗീകരിക്കാൻ ഇനി സർക്കാറിന് കഴിയില്ല. കരാർ സംബന്ധമായ വൈകലുകൾ കാരണം നിയമനടപടികൾ നേരിടേണ്ടിവന്നാൽ മുഴുവൻ ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 327.5 കോടി ചെലവിൽ നിർമിക്കുന്ന ആശുപത്രി കെട്ടിട നിർമാണത്തി​െൻറ രണ്ടാംഘട്ടം ഉടൻ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2018 ഫെബ്രുവരിയിലാണ് ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. സാങ്കേതിക കാരണങ്ങളാൽ നിർമാണം വൈകിയതിനാൽ 22 മാസം നീട്ടിനൽകിയിരുന്നു. കരാർപ്രകാരം 2019 ജൂണിൽ നിർമാണം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. നിർമാണം അന്തിമഘട്ടത്തിലായ പ്രധാന അഡ്മിനിസ്ട്രേറ്റിവ്-അക്കാദമിക് ബ്ലോക്ക് മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം അവരുടെ ജോലികൾ കൃത്യസമയത്തിനകം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. കെട്ടിടങ്ങളുടെ നിർമാണ പുരോഗതി മന്ത്രിയും ഷാഫി പറമ്പിൽ എം.എൽ.എയും വിലയിരുത്തി.
COMMENTS