ബി.ജെ.പി കൗൺസിലർക്കെതിരായ സെക്രട്ടറിയുടെ ആരോപണം വിജിലൻസ് അന്വേഷിക്കും

05:09 AM
29/10/2017
പാലക്കാട്: നഗരത്തിലെ ക്ലബിന് റസ്റ്റാറൻറ് തുടങ്ങാൻ നിയമവിരുദ്ധമായി ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ കൗൺസിലറും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ എൻ. ശിവരാജൻ നഗരസഭ സെക്രട്ടറിക്കുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണം വിജിലൻസ് അന്വേഷണത്തിന് വിടാൻ നഗരസഭ തീരുമാനിച്ചു. ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. സി.പി.എമ്മാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കോൺഗ്രസ് ഇതിനെ പിന്തുണച്ചു. ശിവരാജൻ കുറ്റക്കാരനല്ലെന്നും സെക്രട്ടറിയാണ് നിയമവിരുദ്ധമായി ലൈസൻസ് നൽകിയതെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും ബി.ജെ.പി വ്യക്തമാക്കിയതോടെ വിജിലൻസ് അന്വേഷണത്തിന് വിടുകയായിരുന്നു. നഗരസഭ സെക്രട്ടറി കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതര കുറ്റമാണെന്ന് ഭരണകക്ഷിയായ ബി.ജെ.പിയിലെ അംഗങ്ങൾ ആരോപിച്ചു. ശിവരാജനെതിരെയല്ല, വിഷയമാണ് അന്വേഷിക്കുകയെന്ന് ചെയർപേഴ്സൻ പ്രമീള ശശിധരൻ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഉടൻ വിജിലൻസിന് കത്ത് നൽകും. കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് ശിവരാജനെതിരെ നഗരസഭ സെക്രട്ടറി ആരോപണമുന്നയിച്ചത്. നഗരത്തിലെ ക്ലബിന് നിയമവിരുദ്ധമായി ബാർ ലൈസൻസ് അനുവദിക്കാൻ ശിവരാജൻ സമ്മർദം ചെലുത്തിയെന്ന് ആരോപിച്ച സെക്രട്ടറി, ബാറിനല്ല റസ്റ്റാറൻറിന് ലൈസൻസ് നൽകാനാണ് സമ്മർദം ചെലുത്തിയതെന്ന് പിന്നീട് തിരുത്തിയിരുന്നു.
COMMENTS