കലോത്സവ നടത്തിപ്പ്; പ്രിൻസിപ്പൽമാരെ അവഗണിച്ചതായി ആക്ഷേപം

05:18 AM
11/10/2017
പാലക്കാട്: സ്കൂൾ കലോത്സവ നടത്തിപ്പിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ അവഗണിച്ചതായി ആക്ഷേപം. വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കലോത്സവ നടത്തിപ്പുമായി നിസ്സഹകരിക്കേണ്ടിവരുമെന്ന് കോൺഗ്രസ് അനുകൂല ഹയർ സെക്കൻഡറി അധ്യാപക സംഘടന. മാന്വൽ പരിഷ്കരണം നടപ്പാക്കിയപ്പോൾ കലോത്സവത്തി​െൻറ ഉപജില്ലതല മത്സരങ്ങളുടെ ജനറൽ കൺവീനർ സ്ഥാനം പ്രിൻസിപ്പൽമാരിൽനിന്ന് മാറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരെ ഏൽപ്പിച്ചതാണ് പുതിയ തർക്കങ്ങളുടെ കാരണം. തീരുമാനം തങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് പ്രിൻസിപ്പൽമാർ പറയുന്നു. കലോത്സവത്തി‍​െൻറ ജനറൽ കൺവീനർ സ്ഥാനം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പദവിക്കൊപ്പമുള്ള പ്രിൻസിപ്പൽമാരിൽനിന്ന് മാറ്റി സ്ഥാനത്തിൽ താഴെയുള്ള എ.ഇ.ഒ മാർക്കാണ് നൽകിയിരിക്കുന്നത്. ജനറൽ കൺവീനറിന് താഴെയുള്ള ജോയൻറ് കൺവീനർ സ്ഥാനമാണ് പ്രിൻസിപ്പൽമാർക്ക് നൽകിയിരിക്കുന്നത്. നേരത്തേ എ.ഇ.ഒ വഹിച്ചിരുന്ന കലോത്സവ നടത്തിപ്പി‍​െൻറ ട്രഷറർ സ്ഥാനം ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്കാണ് നൽകിയിരിക്കുന്നത്. ഫലത്തിൽ തങ്ങൾ പൂർണമായി അവഗണിക്കപ്പെട്ടു എന്നാണ് ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ വാദം. മാന്വലിലെ പുതിയ നിർദേശപ്രകാരം മേള നടത്തിയാൽ മേള നടക്കുന്ന സ്ഥാപനത്തി‍​െൻറ പ്രിൻസിപ്പൽമാർ കേവലും നോക്കുകുത്തികളായി മാറുമെന്നും സംഘടനതലത്തിൽ ആരോടും ആലോചിക്കാതെയാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കിയിരിക്കുന്നതെന്നും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ( എച്ച്.എസ്.എസ്.ടി.എ) ജില്ല ട്രഷറർ സി.എസ്. രാജേഷ് കുറ്റപ്പെടുത്തി. കലോത്സവങ്ങളുെട നടത്തിപ്പിനായി ഭീമമായ തുക ഹയർ സെക്കൻഡറികളിൽനിന്ന് പിരിച്ച് നൽകുന്നുണ്ട്. മേളകളിൽ പകുതിയോളം മത്സരാർഥികൾ ഹയർ സെക്കൻഡറിയിൽ നിന്നാണെന്നും പ്രിൻസിപ്പൽമാർ ചൂണ്ടിക്കാണിക്കുന്നു. പുതിയ തീരുമാനം പ്രോട്ടോേകാൾ ലംഘനവും രാഷ്ട്രീയപ്രേരിതവുമാണെന്ന് അധ്യാപകർ കുറ്റപ്പെടുത്തി.
COMMENTS