ഓഫിസിന് നേരെ കുപ്പിയേറ്; അനിഷ്​ട സംഭവം ഒഴിവായത് സി.പി.എം സംയമനം മൂലം

05:18 AM
11/10/2017
പാലക്കാട്: ബി.ജെ.പി ജനരക്ഷാ യാത്രക്കിടെ സി.പി.എം ഓഫിസിലേക്ക് കുപ്പിയേറുണ്ടായ സംഭവത്തിൽ അനിഷ്ട സംഭവമൊഴിവായത് സി.പി.എം നേതാക്കളുടെ അവസരോചിത ഇടപെടൽ കാരണം. ബി.ജെ.പി ജാഥ കടന്നു പോകുന്നയിടങ്ങളിലെ സി.പി.എം കേന്ദ്രങ്ങളിൽനിന്ന് ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടാകരുതെന്ന് നേതൃത്വത്തി​െൻറ കർശന നിർദേശമുണ്ടായിരുന്നു. മുണ്ടൂരിൽനിന്ന് ആരംഭിച്ച യാത്ര വിക്ടോറിയ കോളജ് റോഡിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് സമീപത്തെത്തിയപ്പോൾ പിൻനിരയിലെ ബി.ജെ.പി പ്രവർത്തകർ പ്രകോപിതരാകുകയായിരുന്നു. തുടർന്ന് വെള്ളം നിറച്ച പാക്കറ്റുകളും കുപ്പികളും സി.പി.എം ഓഫിസിന് നേരെ എറിഞ്ഞു. രാത്രി എേട്ടാടെയാണ് സംഭവം. ഇൗ സമയം യാത്രയുടെ മുൻനിര കോട്ടൈമതാനത്തിനടുത്തെത്തിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, പാലക്കാട് ഏരിയ സെക്രട്ടറി വിജയൻ എന്നിവർ ഓഫിസിൽ ഉള്ള സമയത്താണ് ആക്രമണമുണ്ടായത്. സി.പി.എം ജില്ല നേതാക്കൾ അണികൾക്ക് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് അനിഷ്ട സംഭവം ഒഴിവായതെന്ന വിലയിരുത്തൽ തന്നെയാണ് പൊലീസിേൻറതും. സംഭവത്തിന് ശേഷം തൃശൂർ മേഖല ഡി.ഐ.ജി ആർ. അജിത്കുമാർ, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെയെന്ന് പറഞ്ഞ് മാർച്ച് നടത്തുന്ന ബി.ജെ.പി ആക്രമണം നടത്തുന്നത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
COMMENTS