ജനരക്ഷായാത്ര ഒമ്പതിന്​ ജില്ലയിൽ എത്തും

05:13 AM
07/10/2017
പാലക്കാട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഒക്ടോബർ ഒമ്പത്, 10 തീയതികളിലായി ജില്ലയിൽ പര്യടനം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ ഒമ്പത് രാവിലെ 10ന് തൃത്താല നിയോജകമണ്ഡലത്തിലെ നീലിയാടാണ് ആദ്യ സ്വീകരണം. തുടർന്ന്, 10.30ന് പട്ടാമ്പിൽ ജാഥക്ക് സ്വീകരണം നൽകും. ഷൊർണൂർ-പത്തിരിപ്പാല-കേരളശേരി-കോങ്ങാട് വഴി മുണ്ടൂരിൽ എത്തിച്ചേരുന്ന ജനരക്ഷായാത്ര മുണ്ടൂർ മുതൽ പാലക്കാട് വരെയുള്ള 13 കിലോമീറ്റർ പദയാത്ര നടത്തും. വൈകീട്ട് ആറോടെ ചെറിയ കോട്ടമൈതാനത്ത് എത്തിച്ചേരും. കേന്ദ്ര പാർലമൻററി കാര്യ മന്ത്രി അനന്തകുമാർ, ബി.ജെ.പി ദേശീയവക്താവ് ഷാനവാസ് ഹുസൈൻ, തമിഴ്നാട്, ബിഹാർ സംസ്ഥാനങ്ങളിലെ നേതാക്കൾ എന്നിവർ പദയാത്രയിൽ പങ്കെടുക്കും. ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ നിന്നായി 15,000ത്തോളം പ്രവർത്തകർ പദയാത്രയുടെ ഭാഗമാകുമെന്നും സംഘാടകർ അറിയിച്ചു. കോട്ടമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അനന്ത്കുമാർ ഉദ്ഘാടനം ചെയ്യും. 10ന് വക്കഞ്ചേരിയിലാണ് ജനരക്ഷായാത്രയുടെ ജില്ലയിലെ അവസാനത്തെ സ്വീകരണം. വടക്കഞ്ചേരിയിലെ സ്വീകരണസമ്മേളനം കേന്ദ്രമന്ത്രി വി.കെ. സിങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന്, ജാഥ തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS