ആധാർ കാർഡ് തെറ്റ് തിരുത്തൽ: അധികൃതർ അവ്യക്തതയിൽ തന്നെ

05:08 AM
29/11/2017
എ. ശരത് പാലക്കാട്: ആധാർ കാർഡിലെ തെറ്റുതിരുത്തലിൽ അവ്യക്ത മാറാതെ അധികൃതർ. തെറ്റ് തിരുത്താൻ ചുമതലപ്പെടുത്തിയ സ്ഥാപനങ്ങൾ നൽകുന്ന നിർദേശങ്ങളിലെ വൈരുധ്യമാണ് തെറ്റ് തിരുത്താൻ എത്തുന്നവരെ വലക്കുന്നത്. ആധാർ കാർഡ് എൻറോളിങ് സമയത്ത് പേരിൽ വന്ന പിശക് തിരുത്താൻ ചെല്ലുന്നവരാണ് പ്രധാന ഇരകൾ. തെറ്റ് തിരുത്താനായി ദിവസങ്ങൾക്ക് മുമ്പേ തെറ്റ് തിരുത്തൽ കേന്ദ്രത്തിൽ പോയി ടോക്കണെടുത്ത് പറഞ്ഞ സമയത്ത് എത്തുന്നവരാണ് ബന്ധപ്പെട്ടവരുടെ അറിവില്ലായ്മയിൽ കുഴങ്ങുന്നത്. എൻറോളിങ് സമയത്ത് പേരിൽ വന്ന പിശക് തിരുത്താൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും നിലവിലുള്ള ആധാർകാർഡുമായി ഉടമ നേരിട്ട് എത്തണമെന്നാണ് ഹെഡ് പോസ്റ്റ് ഓഫിസിലെ തെറ്റ് തിരുത്തൽ കേന്ദ്രത്തിലെ കൗണ്ടറിലെ ജീവനക്കാരുടെ നിലപാട്. എന്നാൽ യു.ഐ.എ.ഡി.ഐ (യുനൈറ്റഡ് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) യിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം തിരിച്ചറിയൽ രേഖയും തെറ്റുള്ള ആധാർ കാർഡുമായി നേരിട്ട് എത്തുന്നവർക്ക് തെറ്റ് തിരുത്തി നൽകും. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്ന കാര്യം പ്രത്യേകം പറയുന്നില്ലെന്നും പ്രോജക്ട് ഓഫിസിലെ ജീവനക്കാർ പറയുന്നു. എന്നാൽ, ജനനതീയതി ഉൾെപ്പടെയുള്ള കാര്യങ്ങളിൽ തെറ്റ് തിരുത്താൻ ഫോട്ടോ പതിച്ച കാർഡ് വേണമെന്നില്ലെന്നും പോസ്റ്റോഫിസിലെ ജീവനക്കാർ പറയുന്നു. ഫോട്ടോ പതിക്കാത്ത പഴയ എസ്.എസ്.എൽ.സി ബുക്ക് തിരിച്ചറിയൽ രേഖയായി കൊണ്ടുവരുന്നവരാണ് ഈ ആശയക്കുഴപ്പത്തിൽ കുടുങ്ങിയത്. ഭൂരിഭാഗം പേരും 60ന് മുകളിൽ പ്രായമുള്ളവരാണ്.
COMMENTS