ആഭരണ കവർച്ചകേസിൽ വഴിത്തിരിവ്; പൊലീസ് നടപടിക്കെതിരെ ൈഹകോടതി

05:08 AM
11/11/2017
പാലക്കാട്: വീട്ടിലെ പൂജാമുറിയിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ വഴിത്തിരിവ്. വേലക്കാരിയെ ബലാത്സംഗം ചെയ്തത് മറച്ചുവെക്കാൻ നഗരത്തിലെ ഹോമിയോ ഡോക്ടർമാരായ പിതാവും മകനും ചമച്ച നാടകമാണ് കവർച്ചയെന്ന പൊലീസ് ഭാഷ്യത്തിനെതിരെ ഹൈകോടതി ഇടപെടൽ. ബലാത്സംഗകഥ വ്യാജമാണെന്ന് ആരോപിച്ച് ഡോക്ടർമാർ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ജസ്റ്റിസ് വി. രാജവിജയരാഘവ‍​െൻറ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് വിധിയായി. പൊലീസ് ഉദ്യോഗസ്ഥനെതിരെ ഡോക്ടർമാർ നഷ്ടപരിഹാരത്തിന് നടപടിയും ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിന് സമീപത്തുള്ള ഡോ. പി.ജി. മേനോ‍​െൻറ വീട്ടിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 65 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബർ 10നാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി ലഭിച്ചത്. ഡോ. മേനോൻതന്നെയാണ് പരാതി നൽകിയത്. അന്വേഷണത്തി‍​െൻറ ആദ്യഘട്ടത്തിൽ വീട്ടിലെ ജോലിക്കാരിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വീട്ടുവേലക്കാരിയെ 93കാരനായ പി.ജി. മേനോനും 57കാരനായ ഹോമിയോ ഡോക്ടർ കൃഷ്ണമോഹനും ബലാത്സംഗം ചെയ്തെന്നും ഇത് ഒളിച്ചുവെക്കാനായി ഇരുവരും ചേർന്ന് വ്യാജ പരാതി നൽകിയെന്നുമായിരുന്നു പൊലീസി​െൻറ ഭാഷ്യം. തുടർന്ന്, ഇരുവർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡോക്ടർമാർ അഭിഭാഷകരായ സി. തോമസ്, നിരീഷ്മാത്യു എന്നിവർ മുഖേന ഹൈകോടതിയെ സമീപിച്ചത്. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ വിധിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ഉത്തരവിട്ടത്. തങ്ങൾക്കെതിരെ തെളിവുകൾ വ്യാജമായി നിർമിച്ചു എന്ന ഡോക്ടർമാരുടെ പരാതി അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരും പറഞ്ഞു. എന്നാൽ, ഡോക്ടർക്കും മകനും മുൻകൂർ ജാമ്യം അനുവദിച്ച ഹൈകോടതി സിംഗിൾ െബഞ്ചി‍​െൻറ ഉത്തരവിനെതിരെ ഡിവിഷൻ െബഞ്ചിൽ അപ്പീൽ സമർപ്പിക്കുമെന്നും ഇക്കാര്യം മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്തുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ നോർത്ത് സി.ഐ ആർ. ശിവശങ്കരൻ പറഞ്ഞു. ബലാത്സംഗ കേസിൽ വാദിയായ വീട്ടുജോലിക്കാരി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്ന വാദവും സി.ഐ ഉന്നയിച്ചു.
COMMENTS