കടയടപ്പ് സമരം ജില്ലയിൽ ഏറെ​ക്കുറെ പൂർണം

05:18 AM
02/11/2017
പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസാ‍യി ഏകോപനസമതി ആഹ്വാനം ചെയ്ത കടയടക്കൽ സമരം ജില്ലയിൽ ഏറെക്കുറെ പൂർണം. സമരത്തിൽ സഹകരിക്കില്ലെന്ന് അറിയിച്ച് ജോബി വി. ചുങ്കത്തി‍​െൻറ നേതൃത്വത്തിലെ ഒരു വിഭാഗം കച്ചവടക്കാർ രംഗത്തുവന്നിരുന്നെങ്കിലും ഭൂരിഭാഗം കടകളും അടഞ്ഞ് കിടന്നു. ഗ്രാമീണ മേഖലയിലും നഗരങ്ങളിലെ ഏതാനും കടകളും മാത്രമാണ് തുറന്നത്. കടയടക്കൽ സമരത്തിൽ പൊതുജനം അക്ഷരാർഥത്തിൽ വലഞ്ഞു. ജില്ലയിൽ പലയിടങ്ങളിലും ഹോട്ടലുകൾ കൂടി അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. എന്നാൽ, തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അപാകതകള്‍ പരിഹരിക്കുന്നതു വരെ ജി.എസ്.ടി നിയമത്തോടൊപ്പം വാറ്റ് നിയമം കൂടി ബാധകമാക്കി കച്ചവടം ചെയ്യാൻ അവകാശം നൽകുക, വാടക- കുടിയാന്‍ നിയമം പാസാക്കുക, മാലിന്യം ഉറവിടത്തിൽ സംസ്കരിക്കണമെന്ന നിബന്ധനയിൽനിന്ന് വ്യാപാരികളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭത്തി‍​െൻറ ഭാഗമായി നവംബർ ഒന്നിന് ജില്ലയിലെ കടകള്‍ അടച്ചിട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചിരുന്നത്. എന്നാൽ, ജി.എസ്.ടിയിലെ അപാകത പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നിരിക്കെ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തുന്നത് വിഷയത്തിൽനിന്ന് ഒളിച്ചോടാനാണെന്ന് പറഞ്ഞായിരുന്നു ജോബി വിഭാഗം സമരത്തിൽനിന്ന് മാറിനിന്നത്.
COMMENTS