മൊബൈൽ മെഡിക്കൽ ക്ലിനിക്​ അട്ടപ്പാടിക്ക്​ ഗുണകരമാവും

05:15 AM
01/11/2017
പാലക്കാട്: സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പട്ടികജാതി, വർഗ മന്ത്രി എ.കെ. ബാലൻ. പട്ടിക വർഗ കുടുംബങ്ങൾക്കുള്ള മൊബൈൽ മെഡിക്കൽ ക്ലിനിക്കി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം, ഇടുക്കി, വയനാട്,പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നതെങ്കിലും താമസിയാതെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. അട്ടപ്പാടിയിൽ ഇൗ ക്ലിനിക്ക് ഏറെ ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ. ഉൾവനങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്കടക്കം ചികിത്സ ലഭ്യമാക്കുന്ന പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. പലപ്പോഴും രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോഴാണ് പുറം ലോകമറിയുക. ഈ അവസ്ഥയൊഴിവാക്കാനാണ് ഊരുകളിൽ നേരിട്ടെത്തി ചികിത്സ നൽകുന്നത്. കിടത്തി ചികിത്സക്ക് വിധേയരായ ആദിവാസികൾക്ക് വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയൊടൊപ്പം ഡോക്ടറുടെ സർട്ടിഫിക്കറ്റും ഓൺലൈനായി ഹാജരാക്കിയാൽ മണിക്കൂറുകൾക്കകം പണം ലഭ്യമാക്കും. ഇതിനായി സോഫ്റ്റ്വെയർ അക്ഷയ കേന്ദ്രങ്ങളിൽ വികസിപ്പിച്ചിട്ടുണ്ട്. പട്ടികജാതി, വർഗ വിദ്യാർഥികൾക്ക് ആറു മാസം മുമ്പേ വിദ്യാഭ്യാസ ഗ്രാൻറ് നൽകും. ആദിവാസികൾക്ക് വിദേശ ജോലി, പഠന സൗകര്യം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. വിസക്ക് നൽകുന്ന സഹായം അമ്പതിനായിരത്തിൽനിന്ന് ലക്ഷമാക്കി വർധിപ്പിച്ചു. സർക്കാറി​െൻറ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ മാധ്യമങ്ങൾക്ക് താൽപര്യമില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പോലും ഇക്കാര്യത്തിൽ പരാജയമാണ്. പാലക്കാട് മെഡിക്കൽ കോളജ് വിഷയത്തിൽ മന്ത്രി മുൻ സർക്കാറിനെ പരോക്ഷമായി വിമർശിച്ചു. പട്ടികജാതി വകുപ്പിന് കീഴിൽ മെഡിക്കൽ കോളജ് തുടങ്ങുക എന്നത് സാങ്കേതികമായും നിയമപരമായും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതൊന്നും വകവെക്കാതെയാണ് മുൻ സർക്കാർ മെഡിക്കൽ കോളജ് തുടങ്ങിയത്. ഈ സർക്കാർ പ്രതിസന്ധികളും മറികടന്നാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. എന്ത് സംഭവിച്ചാലും പാലക്കാട് മെഡിക്കൽ കോളജിനെ നമ്പർ വൺ സ്ഥാപനമാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ വി.കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
COMMENTS