ആദിവാസി ഊരുകളിൽ ഇനി ആശുപത്രികൾ 'സഞ്ചരിക്കും'

05:15 AM
01/11/2017
പാലക്കാട്: ആദിവാസി മേഖലകളിലെ ശിശുമരണങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മൊബൈൽ മെഡിക്കൽ ക്ലിനിക് പദ്ധതിയുമായി സർക്കാർ. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ഡോക്ടർ, നഴ്സിങ് അസിസ്റ്റൻറ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് മൊബൈൽ ക്ലിനിക്. 25ഓളം രക്തപരിശോധനകൾക്കുള്ള സൗകര്യവും ക്ലിനിക്കിലുണ്ടാകും. 18 ആധുനിക മെഡിക്കൽ ഉപകരണങ്ങളുടെ സേവനവും ലഭ്യമാക്കും. പരമാവധി മരുന്നുകൾ സൗജന്യമായി നൽകും. ദുർഘടപാതകളിൽ സഞ്ചരിക്കാനുതകുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വാഹനം എവിടെയാണെന്ന് അറിയാൻ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ദിവസം ഒരു ഊരിലെ ആദിവാസികൾക്ക് ചികിത്സ നൽകുക എന്നതാണ് ലക്ഷ്യം. ക്ലിനിക് എത്തുന്നതിന് മുമ്പ് എസ്.ടി കോഓഡിനേറ്റർ, അംഗൻവാടി ടീച്ചർ, വാർഡ് മെംബർ എന്നിവരെ വിവരമറിയിക്കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് റഫർ ചെയ്യും. വാഹനസൗകര്യം ലഭ്യമല്ലാത്ത ഉൾനാടൻ ഊരുകളിലെ ആരോഗ്യ പരിരക്ഷയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
COMMENTS