എൽ.ഐ.സി ഏജൻറുമാരെ പറ്റിച്ച് ട്രസ്​റ്റ് കോടിക്കണക്കിന് രൂപ തട്ടിയതായി പരാതി

05:15 AM
07/12/2017
പാലക്കാട്: എൽ.ഐ.സി ഏജൻറുമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആൾ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി ഏജൻറുമാർ രംഗത്ത്. ട്രസ്റ്റി​െൻറ വർക്കിങ് ചെയർമാനായ ജോൺ കോശി എന്നയാൾ 2006ൽ ട്രസ്റ്റിൽനിന്ന് 30 ലക്ഷം രൂപ വായ്പയിനത്തിൽ ഈടാക്കിയെന്നും ഇതു തിരിച്ചു പിടിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും ആൾ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ്സ് ഫെഡറേഷൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കമ്പനിക്കെതിരെ നിയമനടപടി ഭയന്ന് ട്രസ്റ്റ് ഭാരവാഹികൾ1.20 കോടി രൂപക്ക് പുതിയ കെട്ടിടം വാങ്ങിയതായും ഇവർ ആരോപിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റ് ഏജൻറുമാരിൽനിന്ന് പ്രതിവർഷം 1250 രൂപ ഈടാക്കിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ 85 എൽ.ഐ.സി ശാഖകളിലായി ആയിരത്തോളം ഏജൻറുമാർ പ്രവർത്തിക്കുന്നുണ്ട്. അംഗങ്ങളുടെ പെൻഷൻ, മെഡി ക്ലെയിം, മക്കളുടെ വിദ്യാഭ്യാസ വായ്പ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാമെന്ന് പറഞ്ഞാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. എന്നാൽ, ട്രസ്റ്റിന് രജിസ്ട്രേഷനില്ലെന്ന് വിവരാവകാശ നിയമത്തിലൂടെ ബോധ്യപ്പെട്ടെന്നും ഇവർ പറഞ്ഞു. ജോൺ കോശിക്കെതിരെ സാമ്പത്തിക കുറ്റമാരോപിച്ച് സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2015ല്‍ പാലക്കാട്ടെ ഏജൻറുമാരില്‍നിന്ന് ഇവര്‍ പണം സ്വരൂപിച്ചിരുന്നു. എന്നാല്‍, ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കി ഡി.ജി.പിക്കും ചിറ്റൂര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരില്‍നിന്ന് മൊഴിയെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വർഷങ്ങളായി ഏജൻറുമാരിൽനിന്ന് പിരിച്ചെടുക്കുന്ന പണത്തിന് കൃത്യമായ രേഖകളോ തെളിവുകളോ ഇല്ല. വാഗ്ദാനം ചെയ്ത പ്രകാരം ആരോഗ്യ ഇൻഷുറൻസ് തുകയോ വായ്പയോ ഇവർ നൽകാറില്ല. പണം പല ബാങ്കുകളിൽ നിക്ഷേപിച്ചതായാണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്. ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനങ്ങിയിട്ടില്ലെന്നും ഇവർ ആരോപിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും സംസ്ഥാനത്തെ എൽ.െഎ.സി ഏജൻറുമാരില്‍നിന്ന് ട്രസ്റ്റ് പിരിച്ചെടുത്ത തുക അംഗങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ഫെഡറേഷന്‍ ജില്ല ഭാരവാഹികളായ പി. ബൈജു, പൂതാനി നസീര്‍ ബാബു, കെ. ഗോവിന്ദന്‍, ആര്‍. മോഹന്‍ദാസ്, ടി. ഷണ്‍മുഖന്‍ എന്നിവർ പങ്കെടുത്തു. എന്നാൽ, ട്രസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടുള്ള ഹൈകോടതി നിർദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് വർക്കിങ് ചെയർമാൻ എൻ.കെ. രമേശ് പറഞ്ഞു. ആരോപണ വിധേയനായ മുൻ വർക്കിങ് ചെയർമാൻ ട്രസ്റ്റിന് പണം നൽകാനില്ല. അദ്ദേഹം ദുബൈയിൽ കുടുംബസമേതം താമസിക്കുകയാണ്. വാർത്തസമ്മേളനം നടത്തിയ പി. ബൈജുവിനെ ഒന്നര വർഷം മുമ്പ് സംഘടനയിൽനിന്ന് പുറത്താക്കിയതാണെന്നും നിയമവിധേയമായിട്ടാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നതെന്നും രമേശ് പറഞ്ഞു.
COMMENTS