എടുത്ത നടപടികളിൽ തെറ്റില്ല ^പി. മേരിക്കുട്ടി

08:13 AM
25/08/2017
എടുത്ത നടപടികളിൽ തെറ്റില്ല -പി. മേരിക്കുട്ടി പാലക്കാട്: പി. മേരിക്കുട്ടി ജില്ല കലക്ടറുടെ ചുമതല ഒഴിഞ്ഞു. പാലക്കാട് കർണകിയമ്മൻ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയതിനെതിരെ കൈക്കൊണ്ട നടപടിയുൾപ്പെടെ ഒരു തീരുമാനവും തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് അവർ പറഞ്ഞു. രണ്ടര കൊല്ലത്തിന് ശേഷം പാലക്കാടുനിന്ന് പുതിയ ചുമതലയേൽക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നത് നിറഞ്ഞ സംതൃപ്തിയോടെയാണ്. പ്രതീക്ഷിച്ചതിൽ കൂടുതൽ നന്നായി പ്രവർത്തിക്കാൻ സാധിച്ചു. ദുരിതം പേറി ജീവിക്കുന്ന നിരവധി പേർക്ക് ആശ്വാസമായി. കള്ളിയൻപാറയിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചതും ഐ.ഐ.ടിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ ഏറക്കുറെ പൂർത്തിയാക്കാൻ സാധിച്ചതും പ്രവർത്തന നേട്ടമായാണ് കാണുന്നതെന്ന് പി. മേരിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും മാസങ്ങൾകൊണ്ട് അഞ്ച് ഉദ്യോഗസ്ഥർ മാറിയ പഞ്ചായത്ത് ഡയറക്ടറുടെ ചുമതലയാണ് പുതുതായി വഹിക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കൻ മുഷി വളർത്തലിനെതിരെയും ഇഷ്ടികക്കളങ്ങൾക്കെതിരെയും മുഖംനോക്കാതെ പ്രവർത്തിച്ച കലക്ടർ തനിക്ക് ശേഷം വരുന്ന കലക്ടർക്കും മുഴുവൻ പിന്തുണയും നൽകണമെന്നാവശ്യപ്പെട്ടാണ് മടങ്ങുന്നത്. ഇഷ്ടികക്കളങ്ങൾക്കെതിരായ കലക്ടറുടെ ജാഗ്രത സർക്കാറിന് എട്ട് കോടിയുടെ വരുമാനമാണ് ഉണ്ടാക്കിക്കൊടുത്തത്. രണ്ട് സർക്കാറുകളുടെ കാലത്തായി സേവനമനുഷ്ഠിച്ച മേരിക്കുട്ടി ആരോടും രാഷ്ട്രീയ ചായ്്വോടെ ഇടപെടാതെയാണ് മടങ്ങുന്നത്.
COMMENTS