ഓണ വിപണി സജീവം; പച്ചക്കറി വില കുതിക്കുന്നു

08:11 AM
23/08/2017
പാലക്കാട്: അത്തം പിറക്കുന്നതിന് മുമ്പേ സജീവമായി ഓണവിപണി. ഇക്കുറി ഓണത്തോടൊപ്പം വലിയ പെരുന്നാളും എത്തുന്നതോടെ വിപണി ചൂടുപിടിക്കും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കച്ചവട സ്ഥാപനങ്ങളിൽ തിരക്കേറി തുടങ്ങി. ദൃശ്യ, പത്രമാധ്യമങ്ങളിലൂടെ പരസ്യം നൽകി വൻകിട കമ്പനികൾ വിപണി പിടിച്ചടക്കാനുള്ള മത്സരത്തിലാണ്. ഓണത്തിന് നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള സർക്കാർ നടപടികൾ ഫലം കണ്ടുതുടങ്ങി. അരി, പലചരക്ക്, പയറു വർഗങ്ങൾ തുടങ്ങിയവയുടെ വില പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ കാരണമായി. പാലക്കാട് കോട്ടമൈതാനത്ത് തുടങ്ങിയ ഓണം, ബക്രീദ് ഓണച്ചന്തയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ നിരക്ക് നീളമേറുകയാണ്. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലും തിരക്ക് വർധിച്ചു. നാട്ടിൻപുറങ്ങളിലെ മാവേലി സ്റ്റോറുകളിൽ രാവിലെ മുതൽ വരി തുടങ്ങും. 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. ഓണത്തിന് റേഷൻ കടകൾ വഴി അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരയും സർക്കാർ നൽകുന്നുണ്ട്. ബ്രാൻഡഡ് അരിക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതോടെ അരിവിലയിൽ നേരിയ വർധനയുണ്ടാകും. പച്ചക്കറി വില പിടിച്ചുനിർത്താനാകാതെ കുതിക്കുകയാണ്. പച്ചക്കായ, പച്ചപ്പയർ, സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, ബീൻസ്, നാരങ്ങ, മുരിങ്ങ തുടങ്ങി മിക്ക പച്ചക്കറികളുടെയും വില കുതിക്കുകയാണ്. വിപണി വിലയിലും കുറഞ്ഞ വിലയിൽ ഓണച്ചന്തകളിൽ പച്ചക്കറി ലഭ്യമാകുന്നത് സാധാരണക്കാർക്ക് ആശ്വാസമായി. തേങ്ങ തുടങ്ങിയവയുടെ വിലയിൽ വർധനയുണ്ടായി. ശരാശരി 60 രൂപയാണ് പച്ചക്കായയുടെ വില. പച്ചപ്പയറിനും 50 രൂപ കടന്നു. ഓണമെത്തുന്നതോടെ പയർവില ഇനിയും ഉയർന്നേക്കും. എന്നാൽ, ഓണമടുക്കുന്നതോടെ കുടുംബശ്രീ, സഹകരണ സംഘങ്ങൾ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിക്കും. ആ സമയത്ത് വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞവർഷം ഓണക്കാലത്ത് പച്ചക്കറി വില ഉയർന്നിരുന്നില്ല. ജി.എസ്.ടി നടപ്പാക്കിയതോടെ ഇലക്ട്രോണിക്സ്, വസ്ത്ര, ഗൃഹോപകരണ വിലയിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും എക്സ്ചേഞ്ച് ഓഫറുകളും വിലക്കിഴിവും നൽകി ഓണവിപണിയിൽ ലാഭം കൊയ്യാനുള്ള ഒരുക്കത്തിലാണ് കച്ചവടക്കാർ.
COMMENTS