കുതിരാന്‍ തുരങ്കം 2018ല്‍ ഗതാഗതസജ്ജമാകും

14:49 PM
10/08/2016

പാലക്കാട്: ദേശീയപാത 544ല്‍ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള കുതിരാന്‍ തുരങ്കത്തിന്‍െറ പ്രവൃത്തി തടസ്സമില്ലാതെ നടന്നാല്‍ 2018 ആദ്യം ഗതാഗതത്തിന് സജ്ജമാകുമെന്നുറപ്പായി. മാസ്റ്റര്‍ പ്ളാന്‍ പ്രകാരം 920 മീറ്ററാണ് ഇരട്ടക്കുഴല്‍ തുരങ്കത്തിന്‍െറ നീളം.
തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്‍െറ നിര്‍മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ബൂമര്‍ ഉപയോഗിച്ചാണ് തുരങ്കത്തിന്‍െറ നിര്‍മാണം.
മാസത്തില്‍ 150 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തുരക്കാമെന്നാണ് കണക്കുകൂട്ടല്‍. ആര്‍ച്ച് മാതൃകയില്‍ പാറ തുരന്ന് കുഴിയെടുത്തശേഷം വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തിയാണ് തുരങ്കം ഉണ്ടാക്കുന്നത്. 200ഓളം തൊഴിലാളികള്‍ രാപകല്‍ ഇതിനായി ജോലി ചെയ്യുന്നു. ഇരുമ്പു പാലത്തിന്‍െറ ഭാഗത്തുനിന്നാണ് നിര്‍മാണം തുടങ്ങിയത്. ഇരുമ്പുപ്പടകൊണ്ട് കവചമൊരുക്കിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ആഗസ്റ്റ് അവസാനം വാണിയമ്പാറക്ക് അടുത്ത് തുരങ്കത്തിന്‍െറ മറുഭാഗം ബൂമര്‍ ഉപയോഗിച്ച് തുരന്നു തുടങ്ങും.
700 മീറ്റര്‍ എത്തിയാല്‍ തുരങ്കത്തിന്‍െറ ഇരുവശവും കൂട്ടിമുട്ടുമെന്നാണ് കണക്കുകൂട്ടല്‍. ഇരുവശങ്ങളിലും പാറ തുരന്ന് കൂട്ടിമുട്ടിയാല്‍ രണ്ടാംഘട്ടത്തില്‍ മുകളിലും ഇരു വശങ്ങളിലുമായി കോണ്‍ക്രീറ്റ് ജോലി തുടങ്ങും.
തുരങ്കത്തിന്‍െറ ആകൃതിയില്‍ കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഉറപ്പിക്കും. പാറ തുരന്ന് നാലു മീറ്റര്‍ താഴ്ചയിലാണ് തുരങ്കത്തിനുള്ളിലെ കോണ്‍ക്രീറ്റ് ബീമുകള്‍ ഉറപ്പിക്കുക.
ഒരു കാരണവശാലും പാറ താഴേക്ക് ഇരിക്കാത്ത രീതിയിലാണ് നിര്‍മാണം. കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തിയാക്കാന്‍ ആറ് മാസമെടുക്കും. ഭൂകമ്പത്തെ ചെറുക്കുന്ന രീതിയിലാണ് തുരങ്കം സജ്ജമാക്കുന്നത്.
ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്. നാലുവരിപ്പാതയുള്ള റോഡിന് സമമായിരിക്കും തുരങ്കത്തിന്‍െറ ഉള്‍വശം.
തുരങ്കത്തിനുള്ളില്‍ യാത്രക്കാരുടെ സുരക്ഷക്ക് ഹൈടെക് സംവിധാനമാണ് ഒരുക്കുന്നത്. ഇതിനുള്ളില്‍ പത്ത് സി.സി ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാവും. കാമറക്കാഴ്ച കാണാന്‍ പുറത്ത് സ്ക്രീനുകള്‍ ഒരുക്കും. പൊടിപടലങ്ങളോ മഞ്ഞോ കാഴ്ചയെ മറക്കില്ല. പൊടി വലിച്ചെടുത്ത് പുറത്തു കളയാനുള്ള ബ്ളോവറുകള്‍ തുരങ്കത്തിന്‍െറ ഇരുവശത്തും സ്ഥാപിക്കും. രണ്ടറ്റത്തും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
മുകളില്‍ മധ്യഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിക്കും. തുരങ്കത്തിനകത്ത് സ്ഥിരം ആംബുലന്‍സ് സംവിധാനവുമുണ്ടാകും.
തുരങ്കത്തിനുള്ളിലൂടെ എത്ര വലിയ ചരക്കു വാഹനങ്ങള്‍ക്കും ഇതുവഴി സുഗമമായി പോകാം. 80 കി.മീ. വേഗതയിലത്തെുന്ന ചരക്കുലോറികള്‍ക്ക് അതേ വേഗത്തില്‍ തുരങ്കത്തിലൂടെ പോകുന്നതിന് തടസ്സമില്ളെന്ന് തുരങ്കത്തിന്‍െറ കരാര്‍ ഏറ്റെടുത്ത പ്രഗതി ഗ്രൂപ്പ് അധികൃതര്‍ പറയുന്നു.
തിരുവനന്തപുരം കല്ലുവിള സ്വദേശിയും സീനിയര്‍ ഫോര്‍മാനുമായ ചരുവിള സുദേവനാണ് തുരങ്കത്തിന്‍െറ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
സുദേവനോടൊപ്പം മലയാളികളായ മൂന്ന് ഫോര്‍മാന്‍മാരും സഹായത്തിനുണ്ട്. ഇരുമ്പു പാലത്തിന് താഴെ പീച്ചി ഡാമിന്‍െറ വൃഷ്ടിപ്രദേശമാണ്.
ഇതിന് മുകളിലൂടെ തുരങ്കത്തിലത്തൊന്‍ പാലം വേണം. 150 മീറ്റര്‍ അകലെവെച്ചാണ് പാലത്തിലേക്ക് പ്രവേശിക്കുക. കെ.എം.സി കമ്പനിക്കാണ് പാലത്തിന്‍െറ നിര്‍മാണച്ചുമതല. ഇരുഭാഗത്തേക്കുമുള്ള പാലത്തിന് 18 തൂണുകള്‍ ഉണ്ടായിരിക്കും. തൂണുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

Loading...
COMMENTS