Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടിയില്‍...

അട്ടപ്പാടിയില്‍ മുക്കോണ പോരാട്ടം 

text_fields
bookmark_border

അഗളി: 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അട്ടപ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എല്‍.ഡി.എഫ് നേടിയെങ്കിലും ബ്ളോക്ക് പഞ്ചായത്തും മൂന്ന് ഗ്രാമപഞ്ചായത്തുകളും തുണച്ചത് യു.ഡി.എഫിനെയാണ്. ബ്ളോക്ക് പഞ്ചായത്തില്‍ ആകെയുള്ള 13 ഡിവിഷനില്‍ യു.ഡി.എഫ് ഏഴ് സീറ്റ് നേടി ഭരണം പിടിച്ചെടുത്തെങ്കിലും രണ്ടരവര്‍ഷം തികയും മുമ്പ് യു.ഡി.എഫിലെ കലഹം ഭരണത്തെ ഉലച്ചു. പ്രസിഡന്‍റുമായുള്ള ഭിന്നതയെതുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പ്രതിനിധിയായ വൈസ് പ്രസിഡന്‍റ് കെ.കെ. ഉഷ കൂറുമാറി. ഇത് ഭരണസമിതിക്കെതിരെ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തിലേക്ക് വഴിതെളിച്ചു. പ്രസിഡന്‍റ് എം.ആര്‍. സത്യന്‍ പുറത്തായി. യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. കെ.കെ. ഉഷ എല്‍.ഡി.എഫ് പിന്തുണയില്‍ അധ്യക്ഷസ്ഥാനത്തത്തെി. 
സി.പി.എമ്മിലെ ശ്രീലക്ഷ്മി ജയകുമാര്‍ വൈസ് പ്രസിഡന്‍റുമായി. പിന്നീട് കൂറുമാറ്റ നിരോധന നിയമപ്രകാരം കെ.കെ. ഉഷയെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയാക്കി. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഡിവിഷന്‍ നിലനിര്‍ത്തുകയും അധികാരം തിരിച്ചുപിടിക്കുകയും ചെയ്തു. ഇത്തവണ യു.ഡി.എഫില്‍ കോണ്‍ഗ്രസ് 12, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. എല്‍.ഡി.എഫില്‍ സി.പി.എമ്മും സി.പി.ഐയും ആറു വീതം സീറ്റിലും ശേഷിക്കുന്ന ഒന്നില്‍ എന്‍.സി.പിയുമാണ് മത്സരിക്കുന്നത്. എന്നിങ്ങനെയാണ് മത്സരിക്കുന്നത്. 
അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഡിവിഷനാണ് അഗളി. ഭരണസിരാകേന്ദ്രമായ അഗളിയിലെ വിജയം എല്‍.ഡി.എഫിനും യു.ഡി.എഫിനും അഭിമാന പ്രശ്നമാണ്. സി.പി.എമ്മില്‍നിന്ന് പി. ശിവശങ്കരനും കോണ്‍ഗ്രസില്‍നിന്ന് പി. ഷറഫുദ്ദീനുമാണ് അങ്കത്തട്ടിലുള്ളത്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി പാളയത്തിലത്തെിയ ടി.എസ്. ശശിധരന്‍ അങ്കം കുറിക്കുന്നത് അഗളിയിലാണ്. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ആദിവാസി വനിത ഈശ്വരിരേശന്‍ മത്സരിക്കുന്ന കാരറയാണ് മറ്റൊരു ശ്രദ്ധേയ പോരാട്ടം നടക്കുന്ന ഡിവിഷന്‍. എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ചെല്ലമൂപ്പന്‍. 
ശിശുമരണവുമായി ബന്ധപ്പെട്ട് ഈശ്വരിരേശനും എം.ബി. രാജേഷ് എം.പിയും അട്ടപ്പാടിയില്‍ നടത്തിയ സമാന്തര നിരാഹാരം സംസ്ഥാനതലത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എല്‍.ഡി.എഫിന്‍െറ ബ്ളോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥിയാണ് ഈശ്വരിരേശന്‍. പരിചയസമ്പന്നനായ അല്ലനെയാണ് ജെല്ലിപ്പാറയില്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. ഇവിടെ സി.പി.എം നിര്‍ത്തിയ രാജു പുതുമുഖമാണ്. ചെമ്മണ്ണൂരില്‍ എന്‍.സി.പിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും തമ്മിലാണ് മത്സരം. 
ആദിവാസി മേഖലയായ ചിണ്ടക്കി ഉള്‍പ്പെടുന്ന ഡിവിഷനില്‍ കോണ്‍ഗ്രസിലെ ലളിത കൃഷ്ണനും സി.പി.എമ്മിലെ വത്സലയുമാണ് ഏറ്റുമുട്ടുന്നത്. എല്ലായിടത്തും ബി.ജെ.പി സ്ഥാനാര്‍ഥികളുണ്ട്. 13 ഡിവിഷനില്‍ ആകെ മൂന്ന് ജനറല്‍ വാര്‍ഡ് മാത്രമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം ഇത്തവണ അധികാരം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഭരണത്തിലിരുന്നെങ്കിലും ഇടക്ക് ഭരണം കൈവിടേണ്ടി വന്ന സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കഠിന പ്രയത്നത്തിലാണ് യു.ഡി.എഫ്. കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് യു.ഡി.എഫ് സാധ്യതകള്‍ക്ക് ചെറിയതോതിലെങ്കിലും മങ്ങലേല്‍പ്പിക്കുന്നത്. ആഭ്യന്തര പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ നേതൃതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രണ്ട് പ്രബല ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിതിരിവ് ശക്തമാണ്. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ അലോസരം നിലനില്‍ക്കുന്നുണ്ടെങ്കിലും എല്‍.ഡി.എഫ് വലിയ പ്രശ്നങ്ങളില്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തികരിച്ചത്. സീറ്റ് ലഭിക്കാത്തതിനാല്‍ എതിര്‍ചേരിയില്‍ ചേക്കേറിയവരും സ്വതന്ത്രരും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് ഇത്തവണ ജനങ്ങളെ സമീപിക്കുന്നത്. ആദിവാസി, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും വികസന മുരടിപ്പും എല്‍.ഡി.എഫ് ആയുധമാക്കുന്നു. ഇരുമുന്നണികളെയും തുറന്നെതിര്‍ത്തുകൊണ്ട് അട്ടപ്പാടിയില്‍ അക്കൗണ്ട് തുറക്കുമെന്ന അവകാശവാദവുമായി ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന തമിഴ് കര്‍ഷക വിഭാഗമായ കൊങ്കുവെള്ളാള കൗണ്ടരെ ഒപ്പംനിര്‍ത്തി കിഴക്കന്‍മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ജാതി വിഭാഗങ്ങളെ സ്വധീനിച്ചുള്ള സംഘ്പരിവാര്‍ നീക്കം യു.ഡി.എഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബി.ജെ.പി ബ്ളോക്ക് പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കില്ളെങ്കിലും വോട്ട് കൂടുമെന്ന വിലയിരുത്തല്‍ ഇരുമുന്നണികള്‍ക്കുമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് അധികാരം കൈയാളിയ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഇത്തവണ ചിത്രം വ്യത്യസ്തമാണ്. ഇടത്-വലത് മുന്നണി സമാവക്യങ്ങള്‍ക്കൊപ്പം ബി.ജെ.പിയുടെ സ്വാധീനവും ഫലത്തില്‍ നിര്‍ണായകമാവും. അഗളിയില്‍ 21അംഗ ഭരണസമിതിയില്‍ കഴിഞ്ഞ തവണ 13ല്‍ യു.ഡി.എഫും എട്ടില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്. 
ഷോളയൂരില്‍ 14 വാര്‍ഡില്‍ എട്ടെണ്ണം യു.ഡി.എഫും ആറ് എല്‍.ഡി.എഫും നേടി. പുതൂരില്‍ 13ല്‍ ഒമ്പത് യു.ഡി.എഫിനെ തുണച്ചു. ശേഷിച്ച നാലില്‍ എല്‍.ഡി.എഫും. അഗളിയിലെ താവളം, പരപ്പന്തറ, ചെമ്മണ്ണൂര്‍, കള്ളമല വാര്‍ഡുകളില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. രണ്ടിടത്ത് ബി.ജെ.പിക്ക് വിജയസാധ്യതയുണ്ട്. ഷോളയൂരില്‍ ആറിടത്തും പുതൂരില്‍ ഒമ്പതിടത്തും ബി.ജെ.പി നിര്‍ണായകമാണ്. ബി.ജെ.പിയുടെ സാന്നിധ്യം യു.ഡി.എഫിനാണ് കൂടുതല്‍ ദോഷകരമാവുന്നത്. കോണ്‍ഗ്രസിന്‍െറ സംഘടനാ സംവിധാനം പലയിടത്തും നിര്‍ജീവമാണ്. വോട്ടുചോര്‍ച്ച എല്‍.ഡി.എഫും ഭയക്കുന്നുണ്ട്. ആദിവാസി മേഖലയില്‍ വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനമാണ് സംഘ്പരിവാറിന് അട്ടപ്പാടിയില്‍ വേരോട്ടമുണ്ടാക്കിയത്. കേരള രാഷ്ട്രീയവുമായി ബന്ധമില്ലാത്ത തമിഴ് വിഭാഗങ്ങളിലും ബി.ജെ.പി സ്വാധീനമുറപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്ന പ്രശ്നങ്ങള്‍ക്കൊപ്പം മാവോവാദി ഭീഷണി ചെറുക്കാന്‍ സായുധ കാവലിലാണ് അട്ടപ്പാടി വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attappady election
Next Story