കോവിഡ്: പ്ലാസ്മ തെറപ്പിക്ക്​ വഴി തുറന്ന് മെഡിക്കൽ കോളജിൽ അഫറസിസ് യൂനിറ്റിന്​ തുടക്കം

05:02 AM
23/05/2020
മുളങ്കുന്നത്തുകാവ്: ബ്ലഡ് ബാങ്കിങ് രംഗത്തെ നൂതന സംരംഭമായ അഫറസിസ് യൂനിറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവർത്തനമാരംഭിച്ചു. രക്തത്തിലെ പ്ലാസ്മ, പ്ലേറ്റ്ലറ്റ്, ശ്വേതരക്താണുക്കൾ എന്നീ ഘടകങ്ങളിൽ ഏതെങ്കിലുമൊന്ന് താരതമ്യേന കൂടുതൽ അളവ് വേർതിരിച്ച് ശേഖരിക്കുകയും മറ്റ് ഘടകങ്ങൾ ദാതാവിൻെറ ശരീരത്തിലേക്ക് തന്നെ തിരിച്ചുകയറ്റുകയും ചെയ്യുന്ന സംവിധാനമാണിത്. കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ലൈസൻസും അനുമതിയും ഇക്കഴിഞ്ഞ ദിവസമാണ് ബ്ലഡ് ബാങ്കിന് ലഭിച്ചത്. കോവിഡ് ചികിത്സക്ക് നിർദേശിക്കപ്പെട്ട പ്ലാസ്മ തെറാപ്പിക്ക് ആവശ്യമായ പ്ലാസ്മ ഇതിലൂടെ ശേഖരിക്കാനാവും. പ്ലാസ്മ തെറാപ്പിക്ക് ഐ.സി.എം.ആർ, ഡ്രഗ് കൺട്രോളർ എന്നിവരുടെ പ്രത്യേക അനുമതിയും ലൈസൻസും വേണം. കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അഫറസിസ് യൂനിറ്റിൻെറ പ്രവർത്തനാരംഭം ചടങ്ങുകൾ ഒഴിവാക്കിയാണ് നടത്തിയത്. ബ്ലഡ് ബാങ്കിലെ തന്നെ ജീവനക്കാരനായ സി.ഡി. സുനിൽകുമാർ ആണ് ആദ്യ ദാതാവായി എത്തിയത്. 300 മി.ലി. പ്ലേറ്റ്ലറ്റ് ഘടകമാണ് അദ്ദേഹത്തിൽ നിന്നെടുത്തത്. ഇത് ആറ് യൂനിറ്റ് പ്ലേറ്റ്ലറ്റ് കോൺസൺട്രേറ്റിന് തുല്യമാണ്. ഇത് പിന്നീട് ക്വാളിറ്റി കൺട്രോൾ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഉന്നത ഗുണമേന്മയുള്ളതായി കണ്ടെത്തി. യന്ത്രസഹായത്താൽ പ്ലേറ്റ്ലറ്റ് ഘടകം വേർതിരിച്ച് ശേഖരിക്കുന്ന പ്രക്രിയ ഒരു മണിക്കൂർ നീണ്ടുനിന്നു. ബ്ലഡ് ബാങ്ക് മേധാവി ഡോ. ഡി. സുഷമ, ഡോ. വി. സജിത്ത്, ഡോ. പി.കെ. ഇന്ദു, ഡോ. പി.എസ്. അഞ്ജലി, സയൻറിഫിക് അസിസ്റ്റൻറുമാരായ സാജു എൻ. ഇട്ടീര, ടി. സത്യനാരായണൻ എന്നിവരും സ്റ്റാഫ് നഴ്സും ടെക്നീഷ്യന്മാരും പങ്കെടുത്തു. ഫോട്ടോ മെയിലിൽ
Loading...