കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വേതനം നൽകാൻ പഞ്ചായത്തുകൾ വിയർക്കും

05:01 AM
10/01/2019
കുഴൽമന്ദം: ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയതോടെ വേതനം നൽകൽ ഗ്രാമപഞ്ചായത്തുകൾക്ക് തലവേദനയാവുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംസ്ഥാനസർക്കാർ പദ്ധതി നടപ്പാക്കുന്നത്. കുടുംബാരോഗ്യകേന്ദ്രമാക്കുന്ന കേന്ദ്രങ്ങൾ രാവിലെ ആറ് മുതൽ വൈകീട്ട് വരെയാണ് പ്രവർത്തിക്കുക. ഇതോടെ ഒരു ഡോക്ടറുടെ സേവനം ലഭ്യമായിടത്ത് മൂന്ന് േപരുടെ സേവനം വേണ്ടിവരും. അനുബന്ധ ജീവനക്കാരെയും നിയമിക്കണം. ഒരു ഡോക്ടർ ഉൾെപ്പടെ മൂന്ന് ജീവനക്കാർക്ക് അതത് ഗ്രാമപഞ്ചായത്തുകൾ വേതനം നൽകണം. തനത് ഫണ്ടിൽ നിന്നോ പദ്ധതിവിഹിതത്തിൽ നിന്നോ ഇവർക്കുള്ള വേതനം നൽകണമെന്നാണ് സർക്കാർ നിർദേശം. പല പഞ്ചായത്തുകൾക്കും ഇപ്പോൾ ലഭിക്കുന്ന തനത് ഫണ്ട് തികയാത്ത സ്ഥിതിയാണ്. പദ്ധതിവിഹിതം ഓരോ മേഖലയിലും ഉപയോഗിക്കുന്നതിന് കൃത്യമായ മാർഗനിർദേശമുണ്ട്. ഇവ പാലിച്ചില്ലെങ്കിൽ പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം ലഭിക്കില്ല. ഇതോടെ നിലവിൽ ആരോഗ്യമേഖലയിൽ മറ്റാവശ്യങ്ങൾക്ക് നീക്കിവെക്കുന്ന തുകയിൽ ഗണ്യമായ കുറവ് വരും. ഒരു ഡോക്ടർ ഉൾെപ്പടെ മൂന്ന് ജീവനക്കാർക്കുള്ള പ്രതിമാസ വേതനം ശരാശരി ഒരു ലക്ഷം രൂപ വരും -പ്രതിവർഷം 12 ലക്ഷം രൂപ. ഒരു പഞ്ചായത്തിന് പ്രതിവർഷം ആരോഗ്യമേഖലയിൽ പദ്ധതിയിനത്തിൽ നീക്കിവെക്കാനാവുക ശരാശരി 20 ലക്ഷമാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മാത്രമല്ല പാലിയേറ്റീവ് കെയർ മേഖലയിൽ പഞ്ചായത്തുകൾ വലിയ സംഖ്യ ചെലവഴിക്കുന്നുണ്ട്. ഈ മേഖലയിലെ രോഗികൾക്ക് ലഭ്യമാക്കേണ്ട മരുന്നുകളിൽ കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് മുഖേന ലഭിക്കാത്തവ പഞ്ചായത്ത് നേരിട്ട് വാങ്ങിയാണ് വിതരണം ചെയ്യുന്നത്. പാലക്കാട്ട് 50 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയത്. ഈ സാങ്കേതികകുരുക്കിനെ തുടർന്ന് പല കുടുംബാരോഗ്യകേന്ദ്രങ്ങൾക്കും പ്രവർത്തനം തുടങ്ങാനായിട്ടില്ല.
Loading...
COMMENTS