Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:29 AM GMT Updated On
date_range 2018-03-30T10:59:58+05:30പോസ്റ്റ്മോർട്ടത്തെ ചൊല്ലി തിരൂർ ജില്ല ആശുപത്രിയിൽ പൊലീസും ഡോക്ടറും തമ്മിൽ വാക്കേറ്റം
text_fieldsതിരൂർ: കുഴഞ്ഞ് വീണ് മരിച്ചയാളുടെ പോസ്റ്റ്മോർട്ടത്തെ ചൊല്ലി തിരൂർ ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊലീസും ഡോക്ടറും തമ്മിൽ വാക്കേറ്റം. ആശുപത്രിയിലുണ്ടായിരുന്ന ഒരു വിഭാഗമാളുകളും പൊലീസിനൊപ്പം ചേർന്ന് ഡോക്ടർക്കെതിരെ തിരിഞ്ഞതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഉച്ചയോടെ അജ്ഞാത മൃതദേഹം എന്ന നിലയിൽ ആശുപത്രിയിലെത്തിച്ച പൊന്നാനി സ്വദേശി നടുവിൽ വീട്ടിൽ നാരായണെൻറ (65) പോസ്റ്റ്മോർട്ടമാണ് പ്രശ്നത്തിന് കാരണമായത്. പൊലീസ് പ്രഥമ വിവര റിപ്പോർട്ടിൽ മരണകാരണം സംശയകരമാണെന്ന് രേഖപ്പെടുത്തിയതിനാൽ പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തണമെന്ന് ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചു. എന്നാൽ, സിവിൽ പൊലീസ് ഓഫിസർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്.ഐ പോസ്റ്റ്മോർട്ടം ജില്ല ആശുപത്രിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഡോക്ടർ വഴങ്ങാതിരുന്നതോടെ വാക്കുതർക്കമായി. ഇതിനിടെ ചിലർ പൊലീസിനൊപ്പം ചേർന്ന് ഡോക്ടർക്കെതിരെ തിരിഞ്ഞതോടെ ബഹളം രൂക്ഷമായി. അത്യാഹിത വിഭാഗത്തിലും പുറത്തുമായി ഒരു മണിക്കൂറോളം സംഘർഷാവസ്ഥയുണ്ടായി. മരണകാരണത്തിലെ സംശയകരമെന്ന ഭാഗം പൊലീസ് വെട്ടിയതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ തന്നെ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകിയതോടെയാണ് ബഹളം ശമിച്ചത്. നാരായണൻ കോഴിക്കോട്ടേക്ക് പോകാനായി തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. അവിടെ നിന്ന് ഓട്ടോയിൽ തിരൂർ ജില്ല ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവർമാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി പ്രഥമ വിവര റിപ്പോർട്ട് തയാറാക്കുകയുമായിരുന്നു. ലളിതയാണ് നാരായണെൻറ ഭാര്യ. മക്കൾ: രാഗേഷ്, രതീഷ്, രജനി, രജിത. മരുമക്കൾ: സുനിൽദാസ്, പ്രജീഷ്, രോഷ്മ, സന്ധ്യ.
Next Story