Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:02 AM GMT Updated On
date_range 2018-03-28T10:32:59+05:30മലപ്പുറം നഗരസഭ ബജറ്റിന് ഭേദഗതികളോടെ അംഗീകാരം
text_fieldsമലപ്പുറം: നഗരസഭയുടെ 2018-19 സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റിന് കൗൺസിൽ യോഗം അംഗീകാരം നൽകി. പ്രതിപക്ഷം ഉയർത്തിയ ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ച ശേഷം ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. പാവപ്പെട്ടവർക്ക് മുന്തിയ പരിഗണന നൽകുന്ന ബജറ്റ് എല്ലാ മേഖലകളെയും സ്പർശിക്കുന്നതാണെന്ന് ചർച്ചക്ക് തുടക്കമിട്ട് ചെയർപേഴ്സൻ സി.എച്ച്. ജമീല അഭിപ്രായപ്പെട്ടു. പാർപ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്കാണ് നല്ലൊരു ശതമാനം തുകയും വകയിരുത്തിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. കാർഷിക ആവശ്യത്തിലേക്ക് നിക്കിവെച്ച തുക അപര്യാപ്തമാണെന്ന് സി.പി.എം കക്ഷി നേതാവ് ഒ. സഹദേവൻ പറഞ്ഞു. നാട്യങ്ങളേതുമില്ലാതെ, നടപ്പാക്കാൻ കഴിയുന്ന ബജറ്റാണിതെന്നായിരുന്നു മുസ്ലിം ലീഗ് കക്ഷി നേതാവ് ഹാരിസ് ആമിയെൻറ അഭിപ്രായം. ആധുനിക അറവുശാല യാഥാർഥ്യമാവും മുമ്പെ ചുറ്റുമതിലുണ്ടാക്കാൻ തുക അനുവദിച്ചതിൽ അസാംഗത്യമുണ്ടെന്ന് സി.പി.എമ്മിലെ പി.പി. അബ്ദുഹാജി പറഞ്ഞു. പ്രതിപക്ഷത്തെ കെ.പി. പാർവതിക്കുട്ടി, കെ.വി. വത്സലകുമാരി തുടങ്ങിയവർ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വലിയ ശ്രമമൊന്നുമില്ലെന്ന് ആരോപിച്ചു. 1.21 കോടി വിദ്യാഭ്യാസ മേഖലക്ക് വേണ്ടി മാത്രം നീക്കിവെച്ചതായി വികസന സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ശരീഫ് ചൂണ്ടിക്കാട്ടി. വൈസ് ചെയർമാൻ പ്രസംഗത്തിൽ പാടിയ നിരാശകാമുകെൻറ വിരഹഗാനം പോലെയായി അദ്ദേഹം അവതരിപ്പിച്ച ബജറ്റുമെന്നായിരുന്നു സി.പി.എമ്മിലെ കല്ലിടുമ്പിൽ വിനോദിെൻറ പരിഹാസം. സ്ഥിരംസമിതി അധ്യക്ഷരായ പരി അബ്ദുൽ മജീദ്, ഫസീന കുഞ്ഞിമുഹമ്മദ് തുടങ്ങിയവരും സംസാരിച്ചു. പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതി നിർദേശങ്ങൾ അംഗീകരിക്കുന്നതായി വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് മറുപടി പ്രസംഗത്തിൽ പറഞ്ഞു. പരിസ്ഥിതി സൗഹൃദ വ്യവസായ പാർക്ക്, സ്റ്റേഡിയങ്ങൾ, ബസ്സ്റ്റാൻഡ് ഓഡിറ്റോറിയം നവീകരണം, തെരുവുവിളക്ക് പരിപാലനം, പുഴ സംരക്ഷണം, അജൈവ മാലിന്യം ശേഖരിക്കൽ, അംഗൻവാടികൾക്ക് കെട്ടിടം, കുന്നുമ്മൽ ക്ലോക്ക് ടവർ എന്നിവക്ക് കൂടുതൽ തുക നീക്കിവെച്ചു. നഗരസഭ പ്രദേശത്തെ തരിശുഭൂമി കൃഷി ചെയ്യാൻ പത്തുലക്ഷം രൂപയും അനുവദിക്കും.
Next Story