Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:20 AM GMT Updated On
date_range 2018-03-25T10:50:59+05:30അംഗീകാരമില്ലാത്ത സ്കൂളുകൾ; തീരാതെ ആശയകുഴപ്പം
text_fieldsമലപ്പുറം: അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം കോടതി കയറുന്നു. അൺ എയ്ഡഡ് മാനേജ്മെൻറുകൾ പലതും ഹൈകോടതിയെ സമീപിച്ചേതാടെ സർക്കാർ തീരുമാനം നിയമപോരാട്ടത്തിന് വഴിമാറുകയാണ്. അഫലിയേറ്റഡ് സ്കൂളുകൾക്ക് നോട്ടീസ് നൽകിയതിനെതിരെ സി.ബി.എസ്.ഇയും സർക്കാറിനെ രേഖമൂലം അതൃപ്തി അറിയിച്ചു. ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കടക്കം അടച്ചുപൂട്ടൽ നോട്ടീസ് നൽകിയതായി മാനേജ്മെൻറുകൾ ആരോപിക്കുന്നു. സർക്കാർ എൻ.ഒ.സിക്ക് അപേക്ഷിക്കാൻ ചട്ടപ്രകാരം നാല് വർഷം പ്രവർത്തന പരിചയം വേണം. എൻ.ഒ.സിക്ക് അപേക്ഷിച്ച് വർഷങ്ങളായി കാത്തിരിക്കുന്ന സ്കൂളുകളുണ്ട്. സർക്കാർ എൻ.ഒ.സി നൽകാത്തതിനാൽ ഇവക്ക് അഫലിയേഷന് അപേക്ഷിക്കാനാവുന്നില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു പ്രവർത്തിക്കുന്ന സ്കൂളുകൾക്കുവരെ സർക്കാർ എൻ.ഒ.സി നൽകുന്നില്ലെന്ന് മാനേജ്മെൻറുകൾ ചൂണ്ടിക്കാട്ടുന്നു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ നടത്താൻ സ്കൂളുകൾക്ക് സി.ബി.എസ്.ഇ അനുമതി ഇല്ലെന്നാണ് സർക്കാർ നിലപാട്. ഇതുപ്രകാരമാണ് അഫലിയേഷനുള്ള സ്കൂളുകൾക്കും നോട്ടീസ് നൽകിയത്. സ്കൂളുകൾ പൂട്ടുമെന്ന പ്രചാരണം രക്ഷിതാക്കളിലും വിദ്യാർഥികളിലും പരക്കെ ആശയകുഴപ്പം സൃഷ്ടിച്ചു. ഇടതു അധ്യാപക സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ നീക്കമെന്ന് മാനേജ്മെൻറുകൾ ആരോപിക്കുന്നു. സംസ്ഥാനത്ത് 1350 സി.ബി.എസ്.ഇ അഫലിയേറ്റഡ് സ്കൂളുകളുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കും നൽകുന്ന അഫലിയേഷൻ ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകൾക്കും ബാധകമാണെന്ന് സി.ബി.എസ്.ഇ തിരുവനന്തപുരം റീജ്യൻ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. സി.ബി.എസ്.ഇയുടെ കത്ത് ലഭിച്ചിട്ടും ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ നടത്താൻ അഫലിയേറ്റഡ് വിദ്യാലയങ്ങൾക്ക് അനുമതിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ. സംസ്ഥാനത്ത് 1585 സ്കൂളുകൾക്കാണ് മാർച്ച് 31നകം അടച്ചുപൂട്ടാൻ സർക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ അഫലിയേഷനോ സർക്കാർ അനുമതിയോ ഇല്ലാത്ത വിദ്യാലയങ്ങൾ അടുത്ത അധ്യയന വർഷം പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾ പൂട്ടാൻ സർക്കാറിന് അധികാരമുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നു.
Next Story