Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ടിക്ക് നഷ്​ടമായത്...

എം.ടിക്ക് നഷ്​ടമായത് കൊച്ചുണ്യേട്ടനെ

text_fields
bookmark_border
പാലക്കാട്: എം.ടി. നാരായണൻ നായരുടെ വിയോഗത്തോടെ എം.ടി. വാസുദേവൻ നായർക്ക് നഷ്ടമായത് 'കൊച്ചുണ്യേട്ടനെ'. നാല് സഹോദരങ്ങളിൽ ഇനി എം.ടി ഏകനാണ്. സഹോദരൻ എന്നതിലുപരി സുഹൃദ് തുല്യമായ ബന്ധമായിരുന്നു നാരായണൻ നായരും എം.ടിയും തമ്മിൽ. നാല് വയസ്സാണ് ഇരുവരും തമ്മിലുള്ള അന്തരം. സഹോദരനോടൊപ്പം മഹാകവി അക്കിത്തത്തെ വീട്ടിൽ കാണാൻ പോയ കഥയുൾപ്പെടെ പലകാര്യങ്ങളും അഭിമുഖങ്ങളിലും ഓർമക്കുറിപ്പുകളിലും എം.ടി പരാമർശിച്ചിട്ടുണ്ട്. എഴുത്തി​െൻറ വഴിയിലും എം.ടിയുടെ മുമ്പേ നടന്നയാളായിരുന്നു നാരായണൻ നായർ. എം.ടിക്ക് എഴുതാൻ പ്രചോദനമായതിനൊരു കാരണവും സഹോദരൻ തന്നെ. എം.ടിയേക്കാൾ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിമഷി പുരണ്ടത് നാരായണൻ നായരുടെ കഥയാണ്. നിരവധി ചെറുകഥകൾ എഴുതി. പിന്നീട് വിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജിദ്ദു കൃഷ്ണമൂർത്തിയുടെ പുസ്തകങ്ങളും അശോകമിത്ര​െൻറ 'ദ എയ്റ്റീന്‍ത്ത് പാരലലും' മലയാളത്തിലേക്കാക്കി. റെയിൽവേയിൽ ജോലി കിട്ടിയതിനുശേഷം എഴുത്ത് കുറഞ്ഞു. പിന്നീട് എം.ടി. വാസുദേവൻ നായരുടെ മാസ്മരികതയിൽ സഹോദരൻ അരികുചേർന്ന് നിന്നു. എം.ടി സാഹിത്യപടവുകൾ ചവിട്ടിക്കയറുമ്പോൾ മനസ്സുകൊണ്ട് നാരായണൻ നായർ ഒപ്പമുണ്ടായിരുന്നു. ജന്മനാടായ കൂടല്ലൂരിനെക്കുറിച്ചുള്ള എം.ടിയുടെ ഓർമകളിലും നാരായണൻ നായരെ വേർപെടുത്താനാവില്ല. മൂത്തസഹോദരന്മാരുടെ മരണശേഷവും ഇരുവരും കൂടല്ലൂരിനെ മറന്നില്ല. എം.ടി കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ ശേഷവും ഇരുവരും വിശേഷ ദിവസങ്ങളിൽ കൂടല്ലൂരിൽ ഒത്തുചേരാറുണ്ടായിരുന്നു. പഴയ ഓർമകൾ പുതുക്കും. ജോലിയാവശ്യാർഥം നാരായണൻ നായരും വിവിധ സ്ഥലങ്ങളിലായിരുന്നു. പിന്നീട് പാലക്കാട്ടെ മകളുടെ വീട്ടിലേക്ക് നാരായണൻ നായരും ഭാര്യയും താമസം മാറി. ചടങ്ങുകളിൽ പങ്കെടുക്കാൻ പാലക്കാട്ടെത്തുമ്പോൾ സഹോദരനെ കാണാതെ എം.ടി മടങ്ങാറില്ല. അവശതകൾ മറന്ന് ഇന്നും എം.ടി പാലക്കാെട്ടത്തും, സഹോദരനെ അവസാനമായൊന്നു കാണാൻ.
Show Full Article
TAGS:LOCAL NEWS 
Next Story