Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:06 AM GMT Updated On
date_range 2018-03-14T10:36:00+05:30അമരമ്പലത്ത് കാട്ടാന വിളയാട്ടം ആനശല്യത്തിന് നടപടി വേണമെന്ന് നാട്ടുകാര്‍
text_fieldsപൂക്കോട്ടുംപാടം: നാട്ടുകാരെ ഭീതിപരത്തി അമരമ്പലത്ത് കാട്ടാന വിളയാട്ടം. ചൊവ്വാഴ്ച രാവിലെയാണ് പൂക്കോട്ടുംപാടം അങ്ങാടിക്ക് സമീപം കാട്ടാനയെത്തിയത്. ചോക്കാട് ഭാഗത്തുള്ളവരാണ് പുലര്‍ച്ചയോടെ കാട്ടാനയെ ആദ്യം കാണുന്നത്. നാട്ടുകാര്‍ സംഘടിച്ചതോടെ കോട്ടപ്പുഴ കടന്ന് പൂക്കോട്ടുംപാടം-ടി.കെ കോളനി റോഡ് മുറിച്ചുകടന്ന ആന ആറരയോടെ തോട്ടക്കരയിലെത്തി. രാവിലെ പാലുവാങ്ങാന്‍ ഇറങ്ങിയ ഊട്ടുപുറത്ത് കുഞ്ഞന്‍ ആനയുടെ മുന്നില്‍പ്പെട്ടെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. സമീപവാസിയായ ചെറുപ്പള്ളിക്കല്‍ ബീരാെൻറ വീട്ടുമുറ്റത്തെത്തിയ കാട്ടാന ജലസംഭരണി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജനവാസ മേഖലയായ പറമ്പ, മാമ്പറ്റ, പടിഞ്ഞാറംപൊയില്, പന്നിക്കുളം, കാരക്കുളം, ചുള്ളിയോട് ഭാഗങ്ങളില്‍ പരാക്രമം നടത്തിയും കൃഷി നശിപ്പിച്ചും കൊമ്പന് രാവിലെ ഒമ്പതുമണിയോടെയാണ് കാടുകയറിയത്. ആന വരുന്ന വഴികളിലെല്ലാം നാട്ടുകാരും പുലര്‍ച്ച ടാപ്പിങ് ജോലിക്കായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളും ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ ഒറ്റക്കൊമ്പനെ വനംവകുപ്പ് അധികൃതര്‍ തിരിച്ച് കാടുകയറ്റാനുള്ള ശ്രമത്തിനിടെ സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന വനിത ഓട്ടോറിക്ഷക്ക് നേരെയും ആക്രമണമുണ്ടായി. കൂടാതെ നിരവധി റബര്‍ മരങ്ങള്‍, വീടുകളുടെ മതില് എന്നിവയും തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയാണ് കാട്ടാന കാട് കയറിയത്. അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട, വേങ്ങാപരത ഭാഗങ്ങളില്‍ കാട്ടാനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമേ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കുകൂടി കാട്ടാനയിറങ്ങിയത് നാട്ടുകാരില്‍ ഭീതിയുയര്‍ത്തുന്നു. രാത്രിയാവുന്നതോടെ കരുളായി നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വീരാളിമുണ്ട, മൈലമ്പാറ ഭാഗങ്ങളിലൂടെ ചെരങ്ങാതോട് മുറിച്ചുകടന്ന് ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് പതിവാണ്. എന്നാല്‍, വനാതിര്‍ത്തികള്‍ മറികടന്ന് കിലോമീറ്ററുകള്‍ താണ്ടി ചുള്ളിയോട്, പറമ്പ സ്കൂള്‍, മാമ്പറ്റ, തോട്ടക്കര, ചെട്ടിപ്പാടം ഭാഗങ്ങളിലേക്ക് കാട്ടാന എത്തുന്നത് ആദ്യമാണ്. ചക്കിക്കുഴി വനംവകുപ്പ് ജീവനക്കാരും പൂക്കോട്ടുംപാടം പൊലീസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ വിവരമറിയിച്ചിട്ടും കാട്ടാന നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ പ്രദേശങ്ങള്‍ അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് ആക്ഷേപമുണ്ട്.
Next Story