Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാലിയാർ മലിനീകരണം:...

ചാലിയാർ മലിനീകരണം: അരീക്കോട്ട് രാഷ്​ട്രീയപ്പോര്

text_fields
bookmark_border
അരീക്കോട്: മലനീകരണത്തെതുടർന്ന് ചാലിയാറിൽ ദൃശ്യമായ ആൽഗൽ ബ്ലൂം പ്രതിഭാസവുമായി ബന്ധപ്പെട്ട് അരീക്കോട്ടെ രാഷ്ട്രീയപ്പോര് തുടരുന്നു. ഗ്രാമപഞ്ചായത്തിലെ ഭരണമുന്നണിയായ യു.ഡി.എഫും ഒമ്പത് അംഗങ്ങളുള്ള സി.പി.എമ്മും പരസ്പരം പഴിചാരി പൊതുയോഗങ്ങളും ഭരണ സമിതി യോഗ വാഗ്വാദങ്ങളും തുടരുന്നു. സി.പി.ഐയുടെ ഇരു ഗ്രൂപ്പുകളും എസ്.ഡി.പി.ഐയും പ്രകടനങ്ങളും പൊതുയോഗങ്ങളുമായി സജീവമാണ്. കഴിഞ്ഞയാഴ്ച ഭരണസമിതി യോഗത്തിൽ സി.പി.എം അംഗങ്ങൾ മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. അതിനു പിന്നാലെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി കുടം തലയിലേന്തി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. എന്നാൽ അരീക്കോട് പട്ടണത്തിലെ കടകളിൽനിന്ന് മാലിന്യം ചാലിയാറിലേക്കൊഴുക്കുന്നവർക്കെതിരെ കർശന നിലപാടുമായി ഗ്രാമപഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങിയപ്പോൾ അതിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ പരാജയപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ബസ് സ്റ്റാൻഡിലെ ശുചിമുറിയടക്കം അടച്ചിട്ടിരിക്കുകയാണിപ്പോൾ. തുടർന്ന് അരീക്കോട് ന്യൂ ബസാറിൽ സി.പി.എമ്മും മറുപടിയുമായി ബസ് സ്റ്റാൻഡിൽ മുസ്ലിം ലീഗും പൊതുയോഗം നടത്തി. കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐയിലെ ഒരു വിഭാഗവും പൊതുയോഗം നടത്തി. മറു വിഭാഗം ശുചിമുറി അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ സമീപിക്കുകയും ചെയ്തു. പട്ടണത്തിലെ മുഴുവൻ കടകളും അടച്ചിട്ട് വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചവരെ ശുചീകരണത്തിനിറങ്ങാൻ അംഗങ്ങളോട് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. വാദകോലാഹലങ്ങൾ ഈ രൂപത്തിൽ മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും പുഴയിൽ അടിഞ്ഞുകൂടിയ പായൽ നീക്കം ചെയ്യാതെ സൈനോ ബാക്ടീരിയയുടെ വ്യാപനം തടയാൻ കഴിയില്ലെന്ന കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മി​െൻറ അതിപ്രധാന നിർദേശം നടപ്പിലാക്കാൻ അരീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതികളോ രാഷ്ട്രീയ പാർട്ടികളോ സന്നദ്ധ സംഘടനകളോ ഇത് വരെ തയാറായിട്ടുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story